സുരക്ഷിത യാത്ര: ബോധവത്കരണ പരിപാടി ജില്ലാതല ഉദ്ഘാടനം നടത്തി
1459533
Monday, October 7, 2024 6:49 AM IST
ഏറ്റുമാനൂർ: സുരക്ഷിത യാത്രയ്ക്കായി ബോധവത്കരണ പരിപാടികളുമായി റെയിൽവേ പോലീസും ആർപിഎഫും. റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടപ്പാക്കുന്ന ബോധവത്കരണ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തി. കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു.
ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടുകൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നതും ട്രെയിനിലൂടെയുള്ള മയക്കുമരുന്ന് കടത്ത്, ട്രെയിനിനുള്ളിലെ മോഷണം, ഓടുന്ന ട്രെയിനിൽ ചാടിക്കയറൽ, ചവിട്ടുപടിയിൽ ഇരുന്നുള്ള യാത്ര, ട്രെയിനുകൾക്കു നേരെയുള്ള കല്ലേറ് തുടങ്ങിയവ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അപകടങ്ങൾ സംഭവിക്കുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. സ്റ്റേഷനുകളിൽ പോസ്റ്റർ പ്രദർശനവും ലഘുലേഖകളുടെ വിതരണവും നടത്തുന്നു.
കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ് പരിപാടി വിശദീകരിച്ചു. ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ,
പഞ്ചായത്ത് മെംബർ ബിജു വലിയമല, അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.പി. തോമസ്, ആർപിഎഫ് എസ്ഐ എൻ.എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.