"കുട്ടികളും കൃഷിയിലേക്ക് ’ പദ്ധതിയിൽ : നൂറുമേനി കൊയ്ത് പ്ലാശനാല്‍ സ്കൂൾ
1459436
Monday, October 7, 2024 4:41 AM IST
പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയും സംയുക്തമായി നടത്തുന്ന കുട്ടികളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്കൂളിന് പച്ചക്കറികൃഷിയില്‍ നൂറുമേനി വിളവ്.
സ്കൂള്‍ കാര്‍ഷിക ക്ലബ്ബില്‍ അംഗങ്ങളായ 120 കുട്ടികള്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും അധിക സമയം കണ്ടെത്തിയാണ് കൃഷി ജോലികള്‍ ചെയ്യുന്നത്. പയര്‍, പാവല്‍, കുക്കുമ്പര്‍, വെണ്ട, ചീനി, വഴുതന, പടവലം, ചീര, ബീന്‍സ്, ഇഞ്ചി, മഞ്ഞള്‍, കരിമ്പ്, ചോളം എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും പ്ലാവ്, മാവ്, റംബുട്ടാന്, പാഷന് ഫ്രൂട്ട്, മുള്ളാത്ത തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടു പരിപാലിച്ച് വിളവെടുത്തു വരുന്നു.
ആഴ്ചയില്‍ നൂറു കിലോയോളം പച്ചക്കറികള്‍ ഇപ്പോള്‍ വിളവെടുക്കുന്നുണ്ട്. നൂറു ശതമാനം ജൈവ കൃഷിരീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ട്രേയില്‍ വിത്തുകള്‍ പാകി മുളപ്പിക്കുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ എല്ലാ ഘട്ടത്തിലും കുട്ടികള്‍ക്ക് പരിശീലനം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ജൈവ കീടനാശിനിയായ വെളുത്തുള്ളി-വേപ്പെണ്ണ കഷായം നിര്‍മിക്കുന്നതും ചെടികളില്‍ തളിക്കുന്നതും കുട്ടികള്‍ തന്നെയാണ്.
സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലിക്കലിന്റെ പ്രത്യേക താത്പര്യവും പ്രോത്സാഹനവുമാണ് മികച്ച വിളവ് നേടാന്‍ സഹായിക്കുന്നത്. കര്ഷകന് കൂടിയായ പ്രിന്‍സിപ്പല്‍ ജോബിച്ചന് ജോസഫ്, കാര്‍ഷിക ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന് തോമസ്, ഏയ്ഞ്ചല്‍ പൊന്നു എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്കൂളിലെ മുഴുവന്‍ അധ്യാപകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണവും ലഭിച്ചുവരുന്നു.
സ്കൂള്‍ മാനേജര്‍, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍, കൃഷി ഓഫീസര്‍മാര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ കൃഷിത്തോട്ടം സന്ദര്‍ശിക്കുകയും വിളവെടുപ്പില്‍ പങ്കാളികളാകുകയും ചെയ്യുന്നത് കുട്ടികള്‍ക്ക് കൃഷിയിലുള്ള താത്പര്യം വര്‍ധിക്കുന്നതിനു കാരണമാകുന്നു. കൂടാതെ സ്കൂളില്‍നിന്നു കുട്ടികളുടെ വീടുകളിലേക്ക് സൗജന്യമായി പച്ചക്കറിത്തൈകള്‍ കൊടുത്തുവിട്ട് വീട്ടിലെ കൃഷി എന്ന പേരില്‍ മത്സരവും വിജയികള്‍ക്ക് സ്കൂള്‍ കാര്‍ഷിക ക്ലബ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പിഎസ്ഡബ്ല്യുഎസ് കഴിഞ്ഞ വര്‍ഷം രൂപതാതലത്തില്‍ നടത്തിയ മത്സരത്തില്‍ ഹയര്‍ സെക്കൻഡറി വിഭത്തില്‍ മികച്ച കാര്‍ഷിക ക്ലബ്, മികച്ച കുട്ടികര്ഷകന്, മികച്ച കര്‍ഷക അധ്യാപകന് എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനവും സ്കൂള്‍ നേടിയിരുന്നു.