കുറവിലങ്ങാട്ട് വഴിയോരവാണിഭം ഒഴിപ്പിച്ച് വ്യാപാരികൾ
1459433
Monday, October 7, 2024 4:33 AM IST
കുറവിലങ്ങാട്: നിയമങ്ങൾ കാറ്റിൽപ്പറത്തി ഗതാഗതതടസം സൃഷ്ടിച്ച് വഴിയോരങ്ങളിൽ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കാൻ ഒടുവിൽ വ്യാപാരികൾ നേരിട്ട് രംഗത്തിറങ്ങി.
എംസി റോഡിൽ പള്ളിക്കവലയിലും സെൻട്രൽ ജംഗ്ഷനിലും ഒട്ടേറെപ്പേരാണ് അനധികൃതമായി വ്യാപാരം നടത്തിയിരുന്നത്. വാഹനങ്ങളിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളടക്കം മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയിരുന്ന വ്യാപാരത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നുവെങ്കിലും കർശന നടപടിയെടുക്കാൻ ആരോഗ്യവകുപ്പോ പഞ്ചായത്തോ തയാറായിരുന്നില്ല.
മുട്ടുങ്കൽ ജംഗ്ഷൻ മുതൽ പാറ്റാനി ജംഗ്ഷൻ വരെയുള്ള എംസി റോഡിൽ വഴിയോരവാണിഭം നിരോധിച്ചിട്ടുള്ളതായി പഞ്ചായത്ത് തീരുമാനമെടുത്തെങ്കിലും അടുത്തനാളിലൊന്നും നടപടികളെടുത്തിരുന്നില്ല. കഴിഞ്ഞദിവസമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ഭാരവാഹികൾ രംഗത്തിറങ്ങി അനധികൃത വഴിയോരവാണിഭക്കാരെ തുരത്തിയത്.