എരുമേലി ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
1459428
Monday, October 7, 2024 4:28 AM IST
എരുമേലി: ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് പരാതി. ടൗണിലും പരിസരങ്ങളിലുമായി നൂറോളം തെരുവുനായ്ക്കൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ 14 തെരുവുനായ്ക്കൾ സ്ഥിരമായി ഉണ്ടെന്ന് സ്റ്റാൻഡിലെ വ്യാപാരി എം.എ. നിഷാദ് പറഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വലിയമ്പലം ഭാഗം, ടൗണിലെ പെട്രോൾ പമ്പിന്റെ പരിസരം, സർക്കാർ ആശുപത്രിക്കു സമീപം, ചരള - പഞ്ചായത്ത് ഓഫീസ് റോഡ് എന്നിവിടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
അടുത്ത നാളുകളിൽ ദൂരെ സ്ഥലങ്ങളിൽനിന്ന് ഉടമകൾ ഉപേക്ഷിച്ച് കൊണ്ടുവിട്ടവയാണിവ യെന്ന് നാട്ടുകാർ പറയുന്നു. ടൗണിൽ അലഞ്ഞുതിരിയുന്നവയിൽ കഴുത്തിൽ ബെൽറ്റുള്ള വലിയ നായ്ക്കളുമുണ്ട്.
ചിലർ ഒരു മോഹത്തിന് നായ്ക്കളെ വാങ്ങിയശേഷം ആരോഗ്യപ്രശ്നങ്ങളും മറ്റും ഉണ്ടാകുന്നതോടെ സംരക്ഷിക്കാൻ കഴിയാതെ ഉപേക്ഷിക്കുന്നതാണ് തെരുവുകളിൽ നായ്ക്കളുടെ എണ്ണം വർധിച്ചതിന് പിന്നിലെന്ന് പറയപ്പെടുന്നു. വളർത്തുനായ്ക്കൾ ഉപേക്ഷിക്കപ്പെടുമ്പോൾ പൊതുനിരത്തുകളിലും ജനങ്ങളുടെ ഇടയിലും ജീവിച്ച് ശീലിക്കാത്തവ അപകടകാരികളായി മാറുകയാണ്.
കാൽനടയാത്രക്കാർ ഭീതിയിൽ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. നിലവിലുള്ള തെരുവുനായ സംഘത്തിന് ഇടയിലേക്ക് പുതിയ ഒരു നായ എത്തുന്നതോടെ ഇവയെ മറ്റു നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്ന കാഴ്ചയും നിരത്തിൽ കാണാം. തെരുവുനായ്ക്കളെ പിടികൂടുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.