പേട്ടതുള്ളൽ വസ്തുക്കളുടെ വില ഏകീകരണം ആശയക്കുഴപ്പത്തിൽ ജില്ലാ ഭരണകൂടം
1459425
Monday, October 7, 2024 4:28 AM IST
എരുമേലി: പത്ത് രൂപയ്ക്കും ചിലപ്പോൾ നൂറ് രൂപയ്ക്കും മറ്റ് ചിലപ്പോൾ അഞ്ഞൂറിനുമൊക്കെ വിൽക്കുന്ന പേട്ടതുള്ളലിനുപയോഗിക്കുന്ന സാധനങ്ങൾക്ക് ഇതാദ്യമായി കൃത്യമായ വില നിശ്ചയിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അത് എങ്ങനെ നിശ്ചയിക്കും എന്നതാണ് നിലവിൽ നേരിട്ടിരിക്കുന്ന ആശയക്കുഴപ്പം.
അയ്യപ്പ ഭക്തരിൽനിന്ന് അമിത വില ഈടാക്കുന്നത് തടയുകയാണ് വില നിശ്ചയത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഹൈന്ദവ സംഘടനകളുടെ പരാതിയിൽ കഴിഞ്ഞ ദിവസം കോട്ടയത്ത് വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് വില നിശ്ചയിക്കൽ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. നിലവിൽ ഇതുവരെ ഇവയ്ക്കൊന്നും കൃത്യം വിലയില്ല. ഓരോ കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്.
അതേസമയം, ഇവയൊക്കെ നിർമിക്കുന്നവർക്ക് തുച്ഛമായ വിലയാണ് ലഭിക്കുക. ലാഭം കൂടുതൽ കിട്ടുന്നത് കച്ചവടക്കാർക്കാണ്. അതുകൊണ്ട് തന്നെ രണ്ടരമാസത്തെ സീസണിൽ താത്കാലിക കട കിട്ടാൻ ലക്ഷങ്ങൾ നൽകണം. വൻ തുക ലേലത്തിൽ നൽകിയാലാണ് താത്കാലിക കടയും സ്റ്റാളും ഒക്കെ ലഭിക്കുക. ഈ ചെലവ് നികത്തുന്നത് അമിത വിലയിൽ ഇത്തരം സാധനങ്ങൾ വിറ്റാണെന്നാണ് പരാതി വ്യാപകമായത്.
വിശദമായ വിവരശേഖരണം നടത്തിയാലാണ് വില നിശ്ചയിക്കൽ കൃത്യമായി നടത്താൻ കഴിയുക. പേട്ടതുള്ളലിനുള്ള അസംസ്കൃത സാധനങ്ങൾ നിർമിക്കുന്നതിന് വേണ്ടി വരുന്ന ചെലവും ഇതിൽനിന്ന് ലഭിക്കേണ്ട വരുമാനം എത്രയെന്നും കണക്കാക്കി വേണം വില നിശ്ചയിക്കൽ നടത്താൻ.
ഒപ്പം വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളിൽനിന്ന് അഭിപ്രായം സ്വരൂപിക്കുകയും വേണമെന്ന് വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയ അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയും എരുമേലി സ്വദേശിയുമായ മനോജ് എസ്. നായർ പറയുന്നു.
പാഴ്വസ്തുക്കളിൽ നിർമിക്കുന്ന ശരക്കോൽ, കത്തി, ഗദ, വാൾ, കച്ച, പാണചപ്പ്, പേപ്പർ കിരീടം, പേട്ട കമ്പ് തുടങ്ങിയവയാണ് പേട്ടതുള്ളലിൽ സാധാരണയായി അയ്യപ്പ ഭക്തർ ഉപയോഗിക്കുന്നത്. ഇവയിൽ ചിലതിന് ദൗർലഭ്യം നേരിടുന്നുണ്ട്. എരുമേലി ടൗണിന് സമീപമുള്ള മറ്റന്നൂർക്കര ഗ്രാമം ഇവയുടെ പ്രധാന നിർമാണ മേഖല കൂടിയാണ്.
കമ്യൂണിസ്റ്റ് പച്ചയുടെ കമ്പ് കൊണ്ടാണ് ശരക്കോൽ നിർമിക്കുന്നത്. മുമ്പൊക്കെ പറമ്പുകളിൽ സർവസാധാരണമായിരുന്ന കമ്യൂണിസ്റ്റ് പച്ച ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കത്തിയും ഗദയും വാളും പാഴ് മരങ്ങളുടെ കമ്പ് ചെത്തിമിനുക്കിയാണ് നിർമിക്കുന്നത്. ചായം പൂശിയും വർണ പേപ്പറുകൾ ഒട്ടിച്ചും മനോഹരമാക്കിയാണ് വിൽക്കാൻ എത്തിക്കുക. വനത്തിൽ വളരുന്ന പാണൽ ഇലകളാണ് പാണചപ്പ് എന്ന പേരിൽ അറിയപ്പെടുന്നത്.
ഇവയ്ക്ക് ക്ഷാമം നേരിടുകയാണ്. അയ്യപ്പൻ, പുലി എന്നിവയുടെ ചിത്രങ്ങൾ പതിച്ച പേപ്പർ നിർമിത തൊപ്പിയാണ് കിരീടമായി ഉപയോഗിക്കുന്നത്. പച്ചക്കറി കഷണങ്ങൾ കമ്പിന്റെ നടുവിൽ തുണിയിൽ കെട്ടിയ ശേഷം കമ്പ് രണ്ട് അയ്യപ്പ ഭക്തർക്ക് വീതം തോളിൽ വെച്ച് പേട്ടതുള്ളൽ നടത്തുന്നതിന് വേണ്ടിയാണ് പേട്ട കമ്പ് നിർമിക്കുന്നത്. ഇത് പാഴ് തടിയിലാണ് നിർമിക്കുക.
തലയിൽ ചുറ്റിക്കെട്ടി വയ്ക്കുന്ന ബലൂൺ നിർമിത കിരീടം ആണ് വർഷങ്ങൾക്ക് മുമ്പ് വരെ ഉപയോഗിച്ചിരുന്നത്. പേട്ടതുള്ളലിനിടെ ഭക്തർ ബലൂൺ പൊട്ടിക്കാൻ ശ്രമിക്കുന്നത് കൗതുകം പകരുന്ന കാഴ്ചയായിരുന്നു. പരസ്പരം ഓടി ബലൂൺ പൊട്ടിക്കാനുള്ള ശ്രമത്തിൽ ഒരു ഭക്തൻ സ്വകാര്യ ബസിനടിയിൽ പെട്ട് മരിച്ചതോടെ ജില്ലാ കളക്ടർ ബലൂൺ നിരോധിച്ചു.
ശബരിമല സീസൺ കഴിയുമ്പോൾ സംസ്കരിക്കാൻ കഴിയാതെ ആയിരക്കണക്കിന് ബലൂണുകളുടെ അവശിഷ്ടങ്ങൾ മാലിന്യ പ്രശ്നം സൃഷ്ടിച്ചിരുന്നതും മുൻനിർത്തി തുടർന്നുള്ള സീസണുകളിൽ ബലൂൺ നിരോധനം തുടർന്നതോടെയാണ് ബദലായി പേപ്പർ കിരീടം പ്രചാരത്തിലായത്.