ബസുകളുടെ പഴക്കം നോക്കാതെ ഓട്ടം തുടരാന്‍ കെഎസ്ആര്‍ടിസി
1459424
Monday, October 7, 2024 4:28 AM IST
കോട്ടയം: ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ പതിനാറും പതിനെട്ടും വര്‍ഷം സർവീസ് തുടരാമെന്ന തീരുമാനം ജില്ലയില്‍ യാത്രക്കാരെ വലയ്ക്കും. ജില്ലയിലെ വിവിധ ഡിപ്പോകളിലായി പതിനഞ്ച് വര്‍ഷം കഴിഞ്ഞ 120 ഓര്‍ഡിനറികളാണ് കുതിച്ചും കിതച്ചും കാലങ്ങളായി നിരത്തിലുള്ളത്. കോട്ടയം ജില്ലയിലേക്ക് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്ന് ഓടിവരുന്ന ഓര്‍ഡിനറികളും പഴക്കത്തില്‍ ഒട്ടും മുന്നോട്ടല്ല.
പത്തു വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തില്‍ ഓടിച്ചശേഷം ഓര്‍ഡിനറി സര്‍വീസിലേക്കു മാറ്റുകയാണ് പതിവ്. നിലവില്‍ 12 വര്‍ഷം വരെ ഫാസ്റ്റായി ഓടിയശേഷമാണ് അറ്റകുറ്റപ്പണി നടത്തി ഓര്‍ഡിനറിയിലേക്ക് മാറ്റുന്നത്.വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ലാഭം കിട്ടുന്ന റൂട്ടുകളില്‍ പരമാവധി സര്‍വീസ് നടത്താനും കട്ടപ്പുറത്തുള്ള ബസുകളും അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കാനുമാണ് തീരുമാനം.
തേയ്മാനവും സ്പെയര്‍ പാര്‍ട്സ് ചെലവും കണക്കാക്കിയാല്‍ പഴഞ്ചന്‍ ബസുകളില്‍നിന്ന് കാര്യമായ നേട്ടമില്ല. ദീര്‍ഘദൂര ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍നിന്നാണ് 70 ശതമാനവും വരുമാനം. സാമ്പത്തിക പ്രതിസന്ധി മുന്‍നിർത്തി ഇക്കൊല്ലം പുതിയ ബസുകള്‍ ഇറക്കേണ്ടെന്നാണ് തീരുമാനം. മണ്ഡലകാലത്ത് എരുമേലി, പമ്പ സ്പെഷല്‍ സര്‍വീസിനും നിലവിലുള്ള ബസുകള്‍തന്നെ വിവിധ ജില്ലകളില്‍നിന്ന് കോട്ടയത്തെത്തിക്കും.
കോട്ടയം ഡിപ്പോയില്‍ ഏറ്റവും നേട്ടം ലഭിക്കുന്നത് കോട്ടയം-കുമളി സെക്ടറിലാണ്. നിലവില്‍ 20 വേണാട് ലിമിറ്റഡ് ഓര്‍ഡിനറികള്‍ സര്‍വീസിലുണ്ട്. അടുത്തയിടെ കമ്പത്തേക്ക് തുടങ്ങിയ സര്‍വീസുകള്‍ക്കും പഴയ ബസുകളാണ് ഉപയോഗിക്കുന്നത്. പഴഞ്ചന്‍ ബസുകളിലെ യാത്ര ദീര്‍ഘദൂര റൂട്ടുകളില്‍ യാത്ര ദുഷ്കരമാക്കുന്നുവെന്നതും പരിമിതിയാണ്.