വാഗമണ്‍ ചില്ലുപാലം തുറക്കാന്‍ അനുമതി
1459423
Monday, October 7, 2024 4:28 AM IST
കോട്ടയം: ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന വാഗമണിലെ കോലാഹലമേട് അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില്ലുപാലം നാലു മാസത്തിനു ശേഷം വീണ്ടും തുറന്നുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
കാലവര്‍ഷം കനത്ത സാഹചര്യം മുന്‍ നിര്‍ത്തിയാണ് കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജുകളും വാഗമണിലെ ചില്ലുപാലവും അടച്ചിടാന്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.
പാലത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷം സന്ദര്‍ശകര്‍ക്കു തുറന്നു നല്കിയാല് മതിയെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് പാലം അടച്ചത്.
പാലത്തിന്റെ സുരക്ഷ, സ്റ്റബിലിറ്റി എന്നിവയെക്കറിച്ചു കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കാന്‍ഡി ലിവര്‍ ചില്ലുപാലമാണ് വാഗമണിലേത്.
സമുദ്ര നിരപ്പില്‍നിന്നു 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 40 മീറ്റര്‍ നീളമുള്ള പാലം 2023 സെപ്റ്റംബലാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയത്.
സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ പാലം തുറന്നുനല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.