ഭക്ഷ്യ എണ്ണകള്‍ക്ക് റിക്കാര്‍ഡ് കയറ്റം
1459419
Monday, October 7, 2024 4:28 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: നാളികേര വില ഉയരുന്നതിനിടെ വെള്ളച്ചെണ്ണ വിലയും പുതിയ ഉയരങ്ങള്‍ താണ്ടുന്നു. വെള്ളിച്ചെണ്ണ വിലക്കയറ്റം മറ്റു ഭക്ഷ്യ എണ്ണകളുടെയും വില ഉയരാന്‍ കാരണമായി. ഭക്ഷ്യ എണ്ണ ഇറക്കുമതി തീരുവ 20 ശതമാനമാക്കിയതാണു വില ഉയരാനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് കൊപ്രാ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതും വില വര്‍ധിപ്പിച്ചു.
വില കയറിയതോടെ തേങ്ങാ ഉപയോഗം കുറഞ്ഞു. പല അടുക്കളയില്‍നിന്നും വെളിച്ചെണ്ണ പുറത്തായി. എണ്ണ വിലയിലെ കയറ്റം അടുക്കള ബജറ്റും പ്രതിസന്ധിയിലാക്കി. ഹോട്ടല്‍, കേറ്ററിംഗ് രംഗത്തും പ്രതിസന്ധി കുറവല്ല. ഹോസ്റ്റലുകളിലും മറ്റും എണ്ണയുടെ ഉപയോഗം കുറച്ചു.
തലയില്‍ വയ്ക്കാനുള്പ്പെടെ കേരളീയര്‍ക്ക് വെളിച്ചെണ്ണ ഒഴിവാക്കാനാവില്ല. പൊതിച്ച തേങ്ങ കിലോയ്ക്ക് കിലോ 65-68 രൂപയിലെത്തി. ഒരു മാസത്തിനുള്ളില്‍ 18 രൂപയുടെ വര്‍ധന. വെളിച്ചെണ്ണയ്ക്ക് 50 രൂപ കൂടി. ഓണത്തിനു മുമ്പ് 200 രൂപയിലെത്തിയ വെളിച്ചെണ്ണ നിലവില്‍ 240 കടന്നു മുന്നേറുന്നു. ഓരോ ആഴ്ചയും 10 രൂപയുടെ വീതം വര്‍ധന.
ഓണത്തിന് വെളിച്ചെണ്ണ വില ഉയരാറുണ്ടെങ്കിലും പിന്നീട് കുറയുകയാണ് പതിവ്. ഈ പ്രതീക്ഷയില്‍ വ്യാപാരികള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്തിരുന്നില്ല. കൊപ്ര വില വര്‍ധനയും ക്ഷാമവും നിലവിലെ വര്‍ധനയുടെ ഒരു കാരണം. ജില്ലയിലെ എണ്ണക്കമ്പനികളില്‍ പലതും തമിഴ്നാട് കൊപ്ര ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വടക്കന്‍ കേരളത്തിലും ലക്ഷദ്വീപിൽനിന്നു കൊപ്രയും നാളികേരവും എത്തിക്കുന്ന കമ്പനികളുമുണ്ട്. കടകമ്പോളങ്ങളില്‍ തമിഴ്നാട് തേങ്ങയാണു കൂടുതലായി എത്തുന്നത്.
നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി കൊപ്രയ്ക്ക് ഉത്തരേന്ത്യയിലുണ്ടായ ഡിമാൻഡ് പ്രതിസന്ധി രൂക്ഷമാക്കി. പാംഓയിലിനും സൂര്യകാന്തി എണ്ണയ്ക്കും വില വര്‍ധിച്ചതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. പാംഓയില്‍ 30 രൂപ വര്‍ധിച്ച് 125 രൂപയായി. സൂര്യകാന്തി എണ്ണ 130 രൂപയിലുമെത്തി. റൈസ് ബാന്‍ ഓയില്‍ 140 രൂപ വരെയെത്തി. സൂര്യകാന്തി, കടുക്, സോയാബീന്‍ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതവും ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തു ശതമാനവും വര്‍ധിപ്പിച്ചു.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന കടുക് എണ്ണ വിലയിലും വര്‍ധനയുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ പാംഓയല്ഉത്പാദനത്തില് കുറവുണ്ടായതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇറക്കുമതി തീരുവ ഉയര്‍ത്തിയതുമാണ് മറ്റ് കാരണങ്ങളെന്നു വ്യാപാരികള്‍ പറയുന്നു.
തെരഞ്ഞെടുപ്പിനുശേഷം ഇറക്കുമതി തീരുവ കുറയ്ക്കുമെന്നും വില കുറയുമെന്നും കരുതുന്നു. വില വര്‍ധന സാധാരണക്കാര്‍ക്ക് വലിയ ഭാരമാണെന്നും ഹോട്ടലുകളെ പ്രതികൂലമായി ബാധിക്കുന്നതായും കോട്ടയം ജാക്സ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ജോമി മാത്യു പറഞ്ഞു.