ഓടുന്ന കാറിന് തീപിടിച്ചു
1459322
Sunday, October 6, 2024 6:16 AM IST
കടുത്തുരുത്തി: ഓടുന്ന കാറിന് തീപിടിച്ച് ബോണറ്റിന്റെ ഒരു വശം കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മേട്ടുംപാറ അച്ചിറക്കുളത്തിന് സമീപമാണ് സംഭവം.
ആയാംകുടി മാളിയേക്കല്‍ ജോര്‍ജ് (ബാബു) ന്റെ വാഗണ്‍ആര്‍ കാറിനാണ് തീ പിടിച്ചത്. ജോര്‍ജും സുഹൃത്തായ ജോമോനും, ജോമോന്റെ ഒരു വയസായ കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കുറവിലങ്ങാട് പള്ളിയിലേക്ക് പോവുകയായിരുന്നു. വീട്ടില്‍നിന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കാറിന്റെ ഹെഡ് ലൈറ്റ് ഓഫായി.
വീണ്ടും യാത്ര തുടരുന്നതിനിടെയില്‍ മേട്ടുംപാറ അച്ചിറകുളത്തിന് സമീപമെത്തിയപ്പോള്‍ കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട് വാഹനം നിര്‍ത്തുകയായിരുന്നു. വാഹനം നിര്‍ത്തിയതും തീ ആളിപ്പടര്‍ന്നു.
ഇതു കണ്ട പത്രം ഏജന്റായ അനീഷ് സമീപത്ത് താമസിക്കുന്ന അയ്യംകൊച്ചില് രാജു, സഹോദരന് കുഞ്ഞുമോന് എന്നിവരെ വിവരമറിയിച്ചു. രാജുവും കുഞ്ഞുമോനും വീട്ടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായെത്തി തീ കെടുത്തുകയായിരുന്നു. തീപിടിത്തത്തില്‍ വാഹനത്തിന്റെ ബാറ്ററിയും വയറിംഗുകളും ബോണറ്റിന്റെ ഇടതുവശവും കത്തി നശിച്ചു.