വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ ആറു വയസുകാരിയൊരുങ്ങുന്നു
1459321
Sunday, October 6, 2024 6:16 AM IST
വൈക്കം: വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്റർ ദൂരം നീന്തി കീഴടക്കാൻ ഒരുങ്ങി ആറുവയസുകാരി. കോതമംഗലം മാതിരപ്പള്ളി പള്ളിപ്പടി ജവഹർ നഗറിൽ ശാസ്തമംഗലത്ത് ദീപു-അഞ്ജു ദമ്പതികളുടെ മകൾ കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഒന്നാം വിദ്യാർഥിനി ആദ്യ ഡി.നായരാണ് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടാനായി വേമ്പനാട്ടുകായൽ നീന്താൻ തയാറെടുക്കുന്നത്. 12 ന് ചേർത്തല വടക്കുംകര അമ്പലക്കടവിൽനിന്ന് വൈക്കം കായലോര ബീച്ചിലേക്കാണ് ആദ്യ ഡി. നായർ നീന്തിക്കയറുന്നത്.
നീന്തൽപരിശീലകനും വേൾഡ് റിക്കോർഡ് ജേതാവുമായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് ആദ്യ ഡി.നായർ നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. ആദ്യമായാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഒരു ആറു വയസുകാരി നീന്തി റിക്കോർഡ് ഇടാൻ പോകുന്നത്. ഇത് വരെയുള്ള റിക്കോർഡ് 4.5 കിലോമീറ്റർ ദൂരം വരെയാണ്.ആദ്യക്ക് പിന്തുണയും പ്രോത്സാഹനവും നൽകി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ്, സെന്റ് മേരീസ് പബ്ലിക് സ്കൂൾ അധികൃതരുമുണ്ട്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നര മണിക്കൂറിനകം ആദ്യ ഡി.നായർകായൽ നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ. സൈനു പറഞ്ഞു .