25 കിലോഗ്രാം നെല്ല് കിഴിവ് വേണമെന്ന് : നെൽകർഷകരെ ചൂഷണം ചെയ്യാൻ പുതിയ തന്ത്രവുമായി റൈസ് മില്ലുകാർ
1459319
Sunday, October 6, 2024 6:16 AM IST
കുമരകം: വിരിപ്പുകൃഷിയുടെ വിളവെടുപ്പ് തുടങ്ങിയതോടെ നെൽകർഷകരെ ചൂഷണം ചെയ്യാൻ പുതിയ തന്ത്രവുമായി റൈസ് മില്ലുകാരുടെ ഏജന്റുമാർ വല വിരിച്ചുകഴിഞ്ഞു. ക്വാളിറ്റി ചെക്കിംഗ് (ഗുണനിലവാര പരിശോധന - ക്യു.സി.) എന്ന ഓമനപ്പേരിൽ നടത്തുന്ന നെല്ലുപരിശോധന കർഷകന്റെ വിയർപ്പിന്റെ വില അപഹരിക്കാനുള്ള പുതിയ തന്ത്രമാണെന്നാണ് കർഷകരുടെ അനുഭവ പാഠം.
കുമരകം കൃഷിഭവനു കീഴിലുള്ള 240 ഏക്കറുള്ള തെക്കേമൂലേപ്പാടത്തിലെ കർഷകർ നെല്ല് വില്ക്കാനാകാതെ ഇന്നലെ പകലന്തിയോളം കോട്ടയം പാഡി മാർക്കറ്റിംഗ് ഓഫീസിൽ കുത്തിയിരിപ്പു സമരത്തിലായിരുന്നു. കഴിഞ്ഞ മാസം കൊയ്ത നെല്ല് സംഭരിക്കാൻ സപ്ലൈകോ ഏർപ്പെടുത്തിയ മില്ലിന്റെ ഏജന്റ് കിഴിവായി 25 കിലോഗ്രാം നെല്ല് ആവശ്യപ്പെട്ടതാണ് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.
നിയമാനുസരണം 17 ശതമാനംവരെ ഈർപ്പം നെല്ലിന് അനുവദിച്ചിട്ടുണ്ട്. മൂലേപ്പാടത്തിലെ നെല്ല് പരിശോധിച്ചപ്പോൾ 16.8 ശതമാനം മാത്രമേ ഈർപ്പം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ പതിര് , കറവൽ, പൊടി തുടങ്ങി പല മുടന്തൻന്യായങ്ങൾ നിരത്തിയാണ് ഒരു ക്വിന്റൽനെല്ലിന് 25 കിലോഗ്രാം നെല്ല് കിഴിവായി നൽകണം എന്ന ആവശ്യം ഉന്നയിച്ചത്. ഇതോടെ കർഷകർ പാഡിമാർക്കറ്റിംഗ് ഓഫീസറെ സമീപിച്ചെങ്കിലും കർഷകർക്ക് അനുകൂലമായ പ്രതികരണം പാഡി മാർക്കറ്റിംഗ് ഓഫീസറിൽ നിന്നും ലഭിച്ചില്ലെന്നും കർഷകർ ആരോപിക്കുന്നു.
കഴിഞ്ഞ കൃഷിയുടെ നെല്ല് സംഭരിച്ച മില്ലിന്റെ ഏജന്റ് ഒരു കിലോ മാത്രം കിഴിവിൽ നെല്ല് സംഭരിക്കാൻ മുന്നോട്ടു വന്നിരുന്നെങ്കിലും മറ്റ് ഏജന്റുമാർ സംഭരണം മുടക്കുകയായിരുന്നു. ഈ മില്ല് കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ല് പൂർണമായും അരിയാക്കി സർക്കാരിന് തിരികെ നൽകിയില്ല എന്ന കാരണം പറഞ്ഞാണ് സംഭരണം മുടക്കിയത്.
ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 64 കിലോഗ്രാം അരി സർക്കാരിന് തിരികെ നൽകണമെന്ന തീരുമാനം മാറ്റി 68 കിലോഗ്രാം അരി തിരികെ നൽകണമെന്ന കേന്ദ്ര സർക്കാർ നിയമം പാലിക്കണമെന്നതിനാലാണ് കൂടുതൽ കിഴിവ് വാങ്ങേണ്ടി വരുന്നതെന്നാണ് ഏജന്റുമാരുടെ ന്യായം. എന്നാൽ ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 70 മുതൽ 72 കിലോ അരി ലഭിക്കുമെന്നാണ് കർഷകരുടെ അനുഭവപാഠം.
മില്ലുകാരുടെ ആവശ്യം കർഷകർ അംഗീകരിച്ചാൽ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. നൂറു കിലോ നെല്ല് നൽകുമ്പോൾ 75 കിലോ നെല്ലിന്റെ വിലയേ ലഭിക്കൂ. ഇതോടൊപ്പം 100 കിലോ നെല്ലിന്റെയും ചുമട്ടുകൂലി കർഷകർ നൽകേണ്ടതായും വരും.
നാളെയെങ്കിലും നെല്ല് സംഭരണത്തിനു വേണ്ട ന്യായമായ ഏർപ്പാട് ഉണ്ടായില്ലെങ്കിൽ നിരാഹാരം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് പാടശേഖര സമിതി കൺവീനർ ജേക്കബ് കളമ്പുകാട്ടുശേരി ദീപികയോടു പറഞ്ഞു.