കള്ളന്റെ ആത്മാര്ഥതയില് ഞെട്ടി കൊല്ലാട് നിവാസികള്‍
1459318
Sunday, October 6, 2024 6:16 AM IST
കൊല്ലാട്: വേറിട്ട മോഷണ രീതിയുമായി കൊല്ലാട് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെത്തിയ കള്ളന് കടത്തിക്കൊണ്ടു പോയത് 22 സ്റ്റീല്‍ ടാപ്പുകള്‍. ഊരിയെടുത്ത വിലകൂടിയ ടാപ്പുകള്‍ക്ക് പകരം പ്ലാസ്റ്റിക് ടാപ്പുകള്‍ ഫിറ്റ് ചെയ്ത് പോയ കള്ളന്റെ ആത്മാര്ഥതയില് ഞെട്ടിയിരിക്കുകയാണ് കൊല്ലാട് നിവാസികള്‍. പള്ളിയിലെ ഓഡിറ്റോറിയത്തിന് സമീപം സ്ഥാപിച്ചിരുന്ന 22,000 രൂപ വിലയുള്ള പൈപ്പുകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം പോയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് പരിചയമില്ലാത്ത മാസ്ക് ധരിച്ചയാളെ പള്ളി മുറ്റത്ത് സംശയകരമായി കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോയിരുന്നു. തുടര്‍ന്ന് കെയര്‍ടേക്കര്‍ രാത്രി എട്ടിന് ഗേറ്റ് അടയ്ക്കാന്‍ ചെന്നപ്പോള്‍ മുകള്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന കാമറ ഒടിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു.
തുടര്‍ന്ന് ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച്ച പകലും രാത്രിയിലും പോലീസ് പട്രോളിംഗും നടത്തിയിരുന്നു. ഇതിനിടയില്‍ രാത്രിയിലാണ് മോഷ്ടാവെത്തി പൈപ്പുകള്‍ ഊരിയെടുത്ത് പകരം വിലകുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ച് കടന്നു കളഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ജിവനക്കാര്‍ പള്ളിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.