സിനിമയിലേക്കുള്ള ക്ഷണം നിരസിച്ച ജെ.സി. ബാവൻ
1459317
Sunday, October 6, 2024 6:16 AM IST
കോട്ടയം: സിനിമയില്‍ നായകനാകാനുള്ള ക്ഷണം ഉപേക്ഷിച്ച് ഫോട്ടോഗ്രഫി രംഗത്ത് ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ജെ.സി. ബാവൻ. 1965ല്‍ "ഭൂമിയിലെ മാലാഖ’സിനിമയാക്കുന്നതിനായി നിര്‍മാതാവും സംവിധായകനുമായ പി.എ. തോമസാണ് സുഹൃത്തായ ബാവനെ സിനിമയിലേക്കു ക്ഷണിച്ചത്.
സിനിമയിലേക്കു പോയില്ലെങ്കിലും ബാവന്‍സ് സ്റ്റുഡിയോയുടെ ഉടമയെന്ന നിലയില്‍ ചലച്ചിത്രതാരങ്ങളുമായും അണിയറ പ്രവര്‍ത്തകരുമായും നല്ല ബന്ധമായിരുന്നു ബാവന്.
താഴത്തങ്ങാടി പുളിക്കല്‍ ജേക്കബ് ചെറിയാന് തന്റെ വിളിപ്പേരായ ബാവന് എന്ന പേരിലാണു പ്രശസ്തനായത്. ഫോട്ടോഗ്രഫിയില്‍ അതീവ കമ്പം ഉണ്ടായിരുന്ന ബാവന് അതിനെ സാധാരണക്കാരുടെ വിനോദമാക്കി മാറ്റാന്‍ ഏറെ പ്രയത്നിച്ചു.
കെ.കെ. റോഡില്‍ ബസേലിയോസ് കോളജിന് എതിര്‍വശത്ത് 1953ലാണു ബാവന്‍സ് സ്റ്റുഡിയോ ആദ്യം തുടങ്ങിയത്. ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ വില്പനയും ഇതോടൊപ്പം ആരംഭിച്ചു. ഫോട്ടോഗ്രഫിക്കൊപ്പം കാമറയുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഫിലിം റോളിന്റെയും വിപണനത്തിലും ബാവന്‍സ് പേരെടുത്തു. രണ്ടുവര്‍ഷത്തിനു ശേഷം കോട്ടയം നഗരമധ്യത്തില്‍ വൈഎംസിഎയുടെ കെട്ടിടത്തിലേക്ക് സ്റ്റുഡിയോ മാറ്റിസ്ഥാപിച്ചു.
പിന്നീടു കഞ്ഞിക്കുഴിയിലും സ്റ്റുഡിയോ തുടങ്ങി. കോട്ടയത്തെ കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബാവന്. താഴത്തങ്ങാടി വള്ളംകളി പുനരാരംഭിച്ചത് ഇദ്ദേഹത്തിന്റെ പരിശ്രമത്തിലായിരുന്നു.