പാമ്പാടി വില്ലേജ് ഓഫീസ് കെട്ടിടം ചുവപ്പുനാടയിൽ
1459316
Sunday, October 6, 2024 6:16 AM IST
പാന്പാടി: പാമ്പാടി വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎക്ക് റവന്യു മന്ത്രി കെ. രാജൻ നൽകിയ മറുപടി പാഴ്വാക്കായി. കെട്ടിട നിർമാണത്തിനുള്ള മണ്ണ് പോലും മാറ്റാൻ കഴിയാതെ ഫയൽ ചുവപ്പുനാടയിലാണ് ഇപ്പോഴും. ഏപ്രിൽ 28നായിരുന്നു മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞത്. 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയതായും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
പാമ്പാടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതിന് വില്ലേജ് ഓഫീസറുടെ അപേക്ഷപ്രകാരം ജില്ല കളക്ടറുടെ നിർദേശപ്രകാരം ഏഴു മാസത്തേക്ക് റെഡ്ക്രോസ് സൊസൈറ്റിയുടെ ഹാൾ വിട്ടു നൽകിയിരുന്നു. ഇപ്പോൾ രണ്ടു വർഷവും നാലു മാസങ്ങളും കഴിഞ്ഞിട്ടും വില്ലേജ് ഓഫീസ് നിർമാണം ആരംഭിക്കുകയോ റെഡ്ക്രോസ് സൊസൈറ്റിയിൽ ഹാളിൽനിന്ന് മാറുകയോ ചെയ്തിട്ടില്ല.
ഇവിടെനിന്നു ലഭിച്ചിരുന്ന വാടകകൊണ്ടാണ് റെഡ്ക്രോസ് സോസൈറ്റിയുടെ ചികിത്സാ സഹായമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ പ്രവർത്തനങ്ങളൊക്കെ നിലച്ചിരിക്കുകയാണ്. വാട്ടർ ചാർജ് അടയ്ക്കാതിരുന്നതിനാൽ കണക്ഷൻ വിഛേദിക്കുമെന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ചെയർമാനെ അറിയിച്ചിരിക്കുകയാണ്.