പാല് ഗുണനിലവാരം പരിശോധിക്കണം: താലൂക്ക് വികസനസമിതി
1459236
Sunday, October 6, 2024 3:59 AM IST
പാലാ: മീനിച്ചില്‍ താലൂക്കില്‍ പല പേരുകളില്‍ പ്ലാസ്റ്റിക് കവറുകളിലായി വിറ്റുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് താലൂക്ക് വികസന സമിതി. ഇന്നലെ ചേർന്ന വികസനസമിതി യോഗമാണ് കടുത്തുരുത്തി, പൂഞ്ഞാര്‍ മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരോട് ഇക്കാര്യം നിര്‍ദേശിച്ചത്. ഇതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നും ആവശ്യമുയർന്നു.
കളകള്‍ നശിപ്പിക്കുന്നതുശേഷം കിളിര്‍ക്കുന്ന പുല്ലും കൈതപ്പോളയും ഫാമുകളില്‍ പശുക്കള്‍ക്ക് നൽകുന്നുണ്ടന്ന് വിഷയം ഉന്നയിച്ച് രാഷ്ട്രീയ ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും വികസന സമതിയംഗവുമായ പീറ്റര്‍ പന്തലാനിയാണ് പരാതി ഉന്നയിച്ചത്. പാലാ ജനറല്‍ ആശുപത്രിയിൽ നിരവധി ആളുകള്‍ കിഡ്നി രോഗം മൂലം ഡയാലിസിസിനും കാന്‍സര്‍ രോഗത്തിനും ചികിത്സയ്ക്കു വിധേയരാകുന്ന കണക്കുകള്‍ ആര്‍എംഒ ഡോ. അരുണ്‍ സമതി യോഗത്തില്‍ അറിയിച്ചു.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, സമിതിയംഗങ്ങളായ പീറ്റര്‍ പന്തലാനി, ജോസുകുട്ടി പൂവേലിൽ, ആന്റണി ഞാവള്ളി, പി.എം. ജോസഫ്, ഔസേപ്പച്ചന് ഓടയ്ക്കല്‍, ഡെപ്യൂട്ടി തഹസില്‍ദാർ ബി. മഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.