കൊല്ലപ്പള്ളി-അന്തീനാട് പള്ളി-താമരമുക്ക് റോഡിലെ പാലം തകര്‍ച്ചയില്‍
1459234
Sunday, October 6, 2024 3:59 AM IST
താമരമുക്ക്: കരൂര്‍, രാമപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊല്ലപ്പള്ളി-അന്തീനാട് പള്ളി-താമരമുക്ക് റോഡില്‍ പള്ളിവാതിലിലുള്ള പാലവും സംരക്ഷണഭിത്തിയും ഇടിഞ്ഞത് അപകടഭീഷണിയായി. നാട്ടുകാര്‍ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പാലം ഇടിഞ്ഞതിനാല്‍ പള്ളിയിലേക്കും താമരമുക്കിലേക്കും ശാന്തിനിലയം ബഡ്സ് സ്കൂളിലേക്കും രാജീവ് നഗര്‍, താമരമുക്ക് അങ്കണവാടി എന്നിവിടങ്ങളിലേക്കും പോകേണ്ടവര്‍ക്ക് കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ടി വരുന്നു. റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ഏഴാച്ചേരി-ചൂഴിപ്പാലം-അന്ത്യാളം റോഡിലേക്കു പ്രവേശിക്കുന്ന റോഡുകൂടിയാണിത്.
സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെയും പുനര്‍നിര്‍മിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പാലാ-തൊടുപുഴ ഹൈവേയിലേക്കും അന്തീനാട് ക്ഷേത്രം, സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രദേശവാസികള്‍ പോകുന്നത് ഇതുവഴിയാണ്. 75 വര്‍ഷത്തോളം പഴക്കം ഈ റോഡിനുണ്ട്.
ബഡ്സ് സ്കൂളിലേക്കു പ്രവേശിക്കുന്നിടം മുതല്‍ താമരമുക്ക് വരെ കാല്‍നടയാത്രപോലും സാധിക്കാത്ത നിലയില്‍ റോഡ് തകര്‍ന്നു. റോഡ് എത്രയുംവേഗം സഞ്ചാരയോഗ്യമാക്കണമെന്ന് കോണ്‍ഗ്രസ് ഏഴാച്ചേരി വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.