ടിആർ ആൻഡ് ടി തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
1459232
Sunday, October 6, 2024 3:59 AM IST
മുണ്ടക്കയം ഈസ്റ്റ്: ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുകയാണെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിനു മുന്നോടിയായുള്ള സമര പ്രചാരണജാഥ ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് മതമ്പയിൽനിന്ന് ആരംഭിക്കും. തോമസ് കല്ലാടൻ ജാഥ ഉദ്ഘാടനം ചെയ്യും. തിരുകൊച്ചി തോട്ടംതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ജനാർദനൻ ക്യാപ്റ്റനും യു.എ. സുരേന്ദ്രൻ വൈസ് ക്യാപ്റ്റനുമായുള്ള പ്രചാരണ വാഹന ജാഥയിൽ പി.എൻ. സത്യൻ, ജോൺ പി. തോമസ്, കെ.എൻ. രാമദാസ്,
സുനിൽ തേനംമാക്കൽ, എസ്. സുനിൽ തുടങ്ങിയവർ പ്രസംഗിക്കും. മതമ്പ, ചെന്നാപ്പാറമുകൾ, ചെന്നാപ്പാറതാഴെ, ഇഡികെ, കടമാൻകുളം, കുപ്പക്കയം, ആനക്കുളം, മണിക്കൽ എന്നിവിടങ്ങളിൽ ജാഥയ്ക്കു സ്വീകരണം നൽകും.
പിരിഞ്ഞുപോയ മുഴുവൻ തൊഴിലാളികളുടെയും ഗ്രാറ്റുവിറ്റി ഉടൻ നൽകുക, പിഎഫ് കുടിശിക മുഴുവൻ അടച്ചു തീർക്കുക, താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,18 വയസു കഴിഞ്ഞ മുഴുവൻ ആശ്രിത തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കെ.കെ. ജനാർദനൻ, എ. സുരേന്ദ്രൻ, പി.എൻ. സത്യൻ, ജോൺ പി. തോമസ്, സുനിൽ തേനംമാക്കൽ, മുരളി എന്നിവർ പങ്കെടുത്തു.