കുടുംബാരോഗ്യകേന്ദ്രം: മുണ്ടൻകുന്നിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
1459231
Sunday, October 6, 2024 3:59 AM IST
അകലക്കുന്നം: മുണ്ടൻകുന്ന് ആരോഗ്യകേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്ര സ്ഥാനത്തുനിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധം ശക്തം.
അകലക്കുന്നം പഞ്ചായത്തിന്റെ പരിധിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയെ കുടുംബാരോഗ്യകേന്ദ്രസ്ഥാനത്തുനിന്ന് ഒഴിവാക്കിയ നടപടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം പ്രതിഷേധിച്ചു.
സമീപത്തുള്ള പള്ളിക്കത്തോട്, മീനടം, പൈക, പാമ്പാടി എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെയെല്ലാം മെയിൻ സെന്ററായി പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രിയാണ് ഇത്. രണ്ടേക്കറോളം സ്ഥലസൗകര്യമുള്ള ഇവിടം ശബരിമല തീർഥാടകർക്കും ആശ്രയിക്കാവുന്ന ആരോഗ്യകേന്ദ്രം കൂടിയാണ്.
ഒരു ബ്ലോക്കിന് ഒരു കുടുംബാരോഗ്യകേന്ദ്രം എന്ന വ്യവസ്ഥയിൽ മുണ്ടൻകുന്നിനെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അകലക്കുന്നം പഞ്ചായത്ത് പ്രമേയവും പാസാക്കിയിട്ടുണ്ട്.