എംജി സൗത്ത് സോൺ വനിതാ ഷട്ടിൽ: പാലാ അൽഫോൻസ കോളജ് ജേതാക്കൾ
1459229
Sunday, October 6, 2024 3:59 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന പ്രഥമ എംജി സർവകലാശാലാ സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പാലാ അൽഫോൻസ കോളജ് ജേതാക്കളായി. ഈരാറ്റുപേട്ട എംഇഎസ് കോളജ് രണ്ടാം സ്ഥാനവും ആതിഥേയരായ സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനവും അമലഗിരി ബികെ കോളജ് നാലാം സ്ഥാനവും നേടി.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 15 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ ആദ്യ നാലു സ്ഥാനം നേടിയ ടീമുകൾ എറണാകുളത്ത് നടക്കുന്ന സർവകലാശാലാ ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടി.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബർസാർ റവ.ഡോ. മനോജ് പാലക്കുടി, കായികവിഭാഗം മേധാവി പ്രവീൺ തര്യൻ, അശ്വിനി ഹരി എന്നിവർ പ്രസംഗിച്ചു.