കുറി തൊട്ടോളൂ; എരുമേലി ക്ഷേത്രത്തിൽ സൗജന്യ സംവിധാനം
1459226
Sunday, October 6, 2024 3:45 AM IST
എരുമേലി: ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തരിൽനിന്ന് കുറി തൊടുന്നതിന് ഫീസ് ഈടാക്കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ്. ഫീസ് വാങ്ങാൻ വേണ്ടി കഴിഞ്ഞയിടെ നടത്തിയ ലേലം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
സൗജന്യമായി കുറി തൊടാൻ ക്ഷേത്രത്തിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനം തുടരാനും തീരുമാനമായി. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ചു റിപ്പോർട്ട് നൽകാനും ബോർഡിൽ തീരുമാനമായി. ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച ഹർജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹർജി പരിഗണിക്കുമ്പോൾ ഫീസ് വാങ്ങാൻ നടത്തിയ ലേലം റദ്ദാക്കിയതും സൗജന്യ സംവിധാനം ഏർപ്പെടുത്തിയതും സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ച് കോടതിയിൽ ഹർജി തീർപ്പാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
പത്തുരൂപ നിരക്കിൽ കുറി തൊടാൻ ഫീസ് വാങ്ങുന്നതിനാണ് നാല് സ്റ്റാളുകൾക്കായി ലേലം നടത്തിയത്. പത്തു ലക്ഷത്തോളം രൂപയ്ക്കാണ് ലേലം നടന്നത്. ഇത് വിവാദമാവുകയും അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ എരുമേലി സ്വദേശിയും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ മനോജ് എസ്. നായർ ഹർജി നൽകുകയും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ബോർഡിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് ലേലം റദ്ദാക്കി നിലവിലുള്ള സൗജന്യ സംവിധാനം തുടരുന്നതിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.
രാസസിന്ദൂര നിരോധനം: വിവരങ്ങൾതേടി കളക്ടർ
എരുമേലി: ശബരിമല തീർഥാടന സീസണിൽ എരുമേലിയിൽ രാസനിർമിത സിന്ദൂരം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളത് സംബന്ധിച്ച് ജില്ലാ കളക്ടർ എരുമേലി പഞ്ചായത്തിനോട് വിവരങ്ങൾ തേടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അറിയിച്ചു.
പേട്ടതുള്ളലിൽ ഉപയോഗിക്കുന്ന പാഴ്വസ്തുകളിൽ നിർമിതമായ കത്തി, ഗദ, വാൾ, ശരക്കോൽ, കച്ച തുടങ്ങിയ സാധനങ്ങൾക്ക് വില നിശ്ചയിക്കുന്നതിന് വിശദമായ റിപ്പോർട്ട് നൽകാൻ റവന്യു ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകിയിട്ടുമുണ്ട്.
വിവിധ ഹൈന്ദവ സംഘടനകൾ നൽകിയ പരാതിയെത്തുടർന്ന് ഇന്നലെ കളക്ടറേറ്റിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത യോഗത്തിലാണ് രാസസിന്ദൂര നിരോധന വിഷയത്തിൽ പഞ്ചായത്ത് അധികൃതരോട് വിവരങ്ങൾ തേടിയത്.
അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായർ നൽകിയ പരാതിയിൽ രാസസിന്ദൂരം 2017ൽ ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണെന്ന് അറിയിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് അന്ന് കോടതി നിർദേശം നൽകിയതെന്ന് മനോജ് യോഗത്തിൽ അറിയിച്ചതോടെയാണ് പഞ്ചായത്തിന്റെ പക്കൽ വിവരങ്ങൾ ഉണ്ടോയെന്ന് കളക്ടർ ആരാഞ്ഞത്.
നിരോധന ഉത്തരവ് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ പഞ്ചായത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെടാമെന്ന് യോഗത്തിൽ അറിയിച്ചെന്ന് പ്രസിഡന്റ് ജിജിമോൾ സജി പറഞ്ഞു.
ശൗചാലയങ്ങളിൽ നിരക്ക് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ചും പാർക്കിംഗ് ഫീസ് ഫാസ്റ്റാഗ് ആക്കുന്നതിനും കൂപ്പൺ നൽകുന്നതിനും റിപ്പോർട്ട് നൽകാൻ യോഗത്തിൽ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, എരുമേലി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിതുലാജ്, അയ്യപ്പ സേവാ സമാജം ഭാരവാഹി മനോജ് എസ്. നായർ, വിവിധ സംഘടനാ ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റിപ്പോർട്ടുകൾ ലഭിച്ച ശേഷം വിപുലമായ യോഗം എരുമേലിയിലെ ശബരിമല സീസൺ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർക്കുമെന്ന് കളക്ടർ അറിയിച്ചു.