ദേവമാതായിലൊരുക്കിയ മെഗാ തൊഴിൽമേളയിൽ 195 പേർക്ക് നിയമനം
1459224
Sunday, October 6, 2024 3:45 AM IST
കുറവിലങ്ങാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും ദേവമാതാ കോളജിൽ നടത്തിയ പ്രയുക്തി - 2024 മെഗാ തൊഴിൽമേളയിൽ 195 പേർക്ക് നിയമനം ലഭിച്ചു. 733 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള 50 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു.
എസ്എസ്എൽസി, പ്ലസ് ടു , ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, ജനറൽ നഴ്സിംഗ്, പാരാമെഡിക്കൽ, എംബിഎ, എംസിഎ യോഗ്യതയുള്ളവർക്കായി 2951 ഒഴിവുകളിലേക്കാണ് തൊഴിൽമേള വാതിൽ തുറന്നത്.
കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ സുനിൽ സി. മാത്യു, കോളജ് ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഒ.എസ്. ശ്രീകുമാർ,
പഞ്ചായത്തംഗം ജോയ്സ് അലക്സ്, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർമാരായ ജി. ജയശങ്കർ പ്രസാദ്, ഡി.എസ്. ഉണ്ണിക്കൃഷ്ണൻ, കോളജ് പ്ലേസ്മെന്റ് ഓഫീസർ അസിസ്റ്റന്റ് പ്രഫ. ജസ്റ്റിൻ ജോസ്, പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ.ഡോ. അനു പി. മാത്യു എന്നിവർ പ്രസംഗിച്ചു.