മുല്ലപ്പെരിയാര്‍: ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി
1459220
Sunday, October 6, 2024 3:45 AM IST
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചും കേസ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ചകളെക്കുറിച്ചും ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. 50 വര്‍ഷത്തെ മാത്രം ആയുസുള്ള അണക്കെട്ട് 129 വര്‍ഷം പിന്നിടുകയാണ്.
പഠനം നടത്തിയ അന്താരാഷ്ട്ര ഏജന്‍സികള്‍ അടക്കമുള്ളവര്‍ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍ ഗൗരവത്തോടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. തിരുവിതാംകൂര്‍-മദിരാശി ബ്രിട്ടീഷ് സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ കരാര്‍ വലിയ ഭേദഗതികളില്ലാതെ 1970 ല്‍ പുതുക്കി നല്‍കിയത് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കരാറിലെ വ്യവസ്ഥകള്‍ പ്രസിദ്ധപ്പെടുത്തുവാനും സംസ്ഥാനത്തിന് ഹാനികരമായ കരാര്‍ റദ്ദാക്കുവാനും അടിയന്തര നടപടി ഉണ്ടാകണം.
മേല്‍നോട്ട ഉപസമിതി എന്ന പേരില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണപരിധിയില്‍പ്പെടുത്തണം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് കെ.ടി തോമസിന്റെ നിലപാടുകള്‍ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍നടപടി സംബന്ധിച്ചും സ്വീകരിച്ച നടപടികള്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചിട്ടും 2012 ന് ശേഷം ഫലപ്രദമായ ബലക്ഷയ പരിശോധന നടന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മീഷന് നിര്‍ദേശം നല്കിയപ്പോള് സംസ്ഥാനത്തിന് വിരുദ്ധമായ ഇത്തരം ഒരു റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ ഉടന്‍ പിരിച്ചുവിടണം. സുപ്രീം കോടതിയിൽ നടക്കുന്ന കേസിനെ സംബന്ധിച്ച് നിലവിലെ സ്ഥിതി പ്രസിദ്ധപ്പെടുത്തണം.
ഡാമിന്റെ ബലക്ഷയം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം നിര്‍മാണ, പരിപാലന ഏജന്‍സിയെ ചുമതലപ്പെടുത്തണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 18ന് കോട്ടയം ഗാന്ധി സ്ക്വയറിലും 30 ന് ആലപ്പുഴ കളക്ടറേറ്റിന് മുന്നിലും ധര്‍ണ നടത്തും. നവംബര്‍ മാസത്തില്‍ സെക്രട്ടേറിയേറ്റിനു മുന്നിലും പാര്‍ലമെന്റ് ഹൗസിനു മുന്നിലും സമരം വ്യാപിപ്പിക്കും.
ചെയര്മാന് അഡ്വ. റോയി വാരികാട്ട്, കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്മാന് ഷിബു കെ. തമ്പി, പി.പി. ഖാലിദ് സഖാഫി, വൈസ് ചെയര്മാന്മാരായ ആമ്പല്‍ ജോര്‍ജ്, മുരളി തകടിയേല്‍, ചാള്‍സ് വേങ്കടത്ത്, പി.ജി. സുഗുണന്, മാര്ട്ടിന് മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.