മ്ലാവുകളെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിൽ
1459219
Sunday, October 6, 2024 3:45 AM IST
കണമല: എയ്ഞ്ചൽവാലിയിൽ രണ്ട് മ്ലാവുകളെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും പമ്പ എഴുകുമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. മുകേഷ് അറിയിച്ചു. എയ്ഞ്ചൽവാലി വെച്ചൂപടിഞ്ഞാറേതിൽ മജോ ആണ് അറസ്റ്റിലായത്.
എയ്ഞ്ചൽവാലി പള്ളിപ്പടിക്കു സമീപം റബർത്തോട്ടത്തിൽനിന്നും സമീപത്തെ വനത്തിൽനിന്നുമാണ് കഴിഞ്ഞ ദിവസം രണ്ട് മ്ലാവുകളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങളിൽ നിന്നു വെടിയുണ്ടയുടെ ഭാഗങ്ങൾ ലഭിക്കുകയും മ്ലാവുകൾക്ക് വെടിയേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്.
മ്ലാവുകളുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ടയുടെ ഭാഗങ്ങൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് നൽകിയെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.