പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ജില്ലയിലെ കെഎസ്ആര്‍ടിസി
1459218
Sunday, October 6, 2024 3:45 AM IST
കോട്ടയം: പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞു ജില്ലയിലെ കെഎസ്ആര്‍ടിസി. ഓണക്കാലത്ത് കോട്ടയം, ചങ്ങനാശേരി, പാലാ ഡിപ്പോകള്‍ക്കു റിക്കാര്‍ഡ് വരുമാനം ലഭിച്ചെങ്കിലും ദിവസങ്ങള്‍ ചെല്ലുംതോറും പ്രതിസന്ധി വര്‍ധിച്ചുവരികയാണ്.
ജീവനക്കാരുടെ അഭാവം, ടിക്കറ്റ് മെഷീനുകളുടെ തകരാര്‍, സ്പെയര്‍ പാർട്സുകളുടെ കുറവ്, പുതിയ ടയറുകളുടെ കുറവ്, ബസുകളുടെ സെന്‍സര്‍ തകരാര്‍ തുടങ്ങിയവയാണ് പ്രധാന പ്രതിസന്ധികള്‍. നിലവില്‍ ഒരു ഡിപ്പോയില്‍ പോലും എല്ലാ സര്‍വീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ജീവനക്കാരില്ല. ഒട്ടുമിക്ക ഡിപ്പോകളും ഒന്നിലധികം ജീവനക്കാര്‍ എക്സ്ട്രാ ഡ്യൂട്ടി ചെയ്താണ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.
ടിക്കറ്റ് മെഷീന് തകരാര്‍
പുതുതായി എത്തിച്ച ടിക്കറ്റ് മെഷീനുകളില്‍ ഭൂരിഭാഗവും തകരാറിലാണ്. ചാര്‍ജ് നിൽക്കാതിരിക്കുക, നിശ്ചിത ടിക്കറ്റ് ചാര്‍ജിനു പകരം മറ്റൊരു തുക കാണിക്കുക, ടിക്കറ്റ് പ്രിന്റ് ചെയ്തു ലഭിക്കാതിരിക്കുക തുടങ്ങിയ തകരാറുകള്‍ പതിവാണ്. പഴയ മെഷീനുകളില്‍ ചാര്‍ജ് നില്‍ക്കാതിരിക്കുന്ന പ്രശ്നമായിരുന്നു.
പഴയ മെഷീനുകള്‍ ഡിപ്പോ അധികൃതരുടെ അനുവാദത്തോടെ കണ്ടക്ടര്‍മാര്‍ പണം നല്കി പുറത്ത് സര്‍വീസ് ചെയ്തിരുന്നു. സ്പെയര്‍ പാട്സുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.പുതിയ മെഷീനുകളുടെ ബാറ്ററികള്‍ ഊരിമാറ്റി സര്‍വീസ് ചെയ്യാന്‍ സാധിക്കില്ല. ഇവ സീല്‍ഡ് മെഷീനുകളാണ്. കമ്പനിക്കാര്‍ക്കു മാത്രമേ സര്‍വീസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. തകരാര്‍ ഉണ്ടായാല്‍ കമ്പനി അധികൃതരെ അറിയിച്ച് ടെക്നീഷൻ എത്തുമ്പോഴേക്കും ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും.
ടയറും ടൂള്‍സും സ്പെയര്‍പാര്‍ട്സും
ഡിപ്പോകളില്‍ പുതിയ ടയറുകളുടെ എണ്ണം പരിമിതമാണ്. ഓരോ മാസത്തിലും ടയറുകളും സ്പെയര്‍പാർട്സുകളും നിശ്ചിത എണ്ണം വീതം ഡിപ്പോകള്‍ക്കു നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
പതിവായി ആലുവായിലുള്ള കെഎസ്ആര്‍ടിസിയുടെ മെയിന്‍ സ്റ്റോറില്‍ നിന്നുമാണ് ടയറുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്പെയര്‍പാട്സുകള്‍ ലഭിക്കുന്നത്. കോട്ടയത്തു നിന്നും കെഎസ്ആര്‍ടിസിയുടെ വാഹനം രാവിലെ 9.30നു മുമ്പായി ആലുവായില്‍ എത്തി സാധനങ്ങള്‍ എടുത്ത് ഓരോ ഡിപ്പോയിലും എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
കട്ടപ്പുറത്തിരിക്കുന്ന ബസില്‍ നിന്നുവരെ സ്പെയര്‍പാട്സുകള്‍ അഴിച്ചെടുത്തു മറ്റു ബസുകളില്‍ ഘടിപ്പിച്ചു സര്‍വീസ് നടത്താൻ സജ്ജമാക്കാറുണ്ട്.
സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള പുതിയ മോഡല്‍ ബസുകളുടെ സ്പെയര്‍ പാട്സുകള്‍ ലഭിക്കുന്നില്ല. സെന്‍സര്‍ തകരാര്‍ മൂലം ദീര്‍ഘദൂര ബസുകള്‍ മിക്കപ്പോഴും സര്‍വീസിനിടയില്‍ വഴിയില്‍ കിടക്കുകയാണ്. മികച്ച വരുമാനമുണ്ടായിരുന്ന പാലാ- ബംഗളൂരു ബസിന്റെ കേടുപാടുകള്‍ പുറത്തെ വര്‍ക്ക്ഷോപ്പിലാണ് പരിഹരിക്കുന്നത്.
ഡിപ്പോകളുടെ അവസ്ഥ പരിതാപകരം
വിവിധ ഡിപ്പോകളുടെ അവസ്ഥ പരിതാപകരമാണ്. പലതും ചോര്‍ന്നൊലിക്കുകയാണ്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ എരുമേലി ഡിപ്പോയുടെ അവസ്ഥ അധികൃതര്‍ പരിഗണനയ്ക്കെടുക്കുന്നു പോലുമില്ല. പാലാ ഡിപ്പോയില്‍ കോടികള്‍ ചെലവഴിച്ചു പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല.
ടെന്‍ഡര്‍ എടുത്തിരുന്നയാള്‍ ഉപേക്ഷിച്ചുപോയ അവസ്ഥയാണ്. കോട്ടയത്തെ ഡിപ്പോ കെട്ടിടം പുതിയതാണെങ്കിലും മെക്കാനിക്കല്‍ വിഭാഗം മലിനജലത്തിലിരുന്നാണ് ജോലി ചെയ്യുന്നത്. ചങ്ങനാശേരി ഡിപ്പോയില്‍ യാത്രക്കാര്‍ വെയിലും മഴയുമേറ്റാണ് ബസ് കാത്തുനില്‍ക്കുന്നത്. വൈക്കം, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ ഡിപ്പോകളുടെ സ്ഥിതിയും കഷ്ടത്തിലാണ്.
സര്‍വീസ് മുടങ്ങിയാൽ പണി ഉദ്യോഗസ്ഥര്‍ക്ക്
സര്‍വീസ് മുടങ്ങിയാല്‍ പണികിട്ടുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്. സര്‍വീസ് മുടങ്ങിയാല്‍ നിശ്ചിത തുക നഷ്ടപരിഹാരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കും. നാളുകള്‍ക്കു മുമ്പ് വൈക്കം ഡിപ്പോയില്‍നിന്നു 1500 രൂപയില്‍ താഴെ കളക്ഷന്‍ ലഭിച്ചിരുന്ന ട്രിപ്പ് മുടങ്ങിയിരുന്നു.
ഇതിന്റെ നഷ്ടപരിഹാരമായി ഡ്രൈവറുടെയും കണ്ടക്ടറുടെയും പക്കല്‍ നിന്നും 16,000 രൂപ പിഴയായി ഈടാക്കിയിരുന്നു. പാലായില്‍നിന്നും മറ്റൊരു ട്രിപ്പ് മുടങ്ങിയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 25,000 രൂപയും പിഴ ഈടാക്കിയിരുന്നു. ഇയാളുടെ മാസശമ്പത്തില്നിന്നും നിശ്ചിത തുക കോര്പറേഷന് ഈടാക്കിവരികയാണ്.