നേരേകടവ് - മാക്കേക്കടവ് കായൽ പാലം രണ്ടാമത്തെ സ്പാൻ സ്ഥാപിക്കൽ തുടങ്ങി
1459101
Saturday, October 5, 2024 6:55 AM IST
വൈക്കം: നേരേകടവ് - മാക്കേക്കടവ് കായൽ പാലം നിർമ്മാണം വീണ്ടും തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ സ്പാൻ സ്ഥാപിക്കാനാരംഭിച്ചു. ഇതിനോടനുബന്ധിച്ച് ലോഞ്ചിംഗ് ഗർഡർ മാക്കേക്കടവിൽ നിന്നു കായലിലേക്കുള്ള പൈലുകൾക്കിടയിൽ സ്ഥാപിച്ചു. കോൺക്രീറ്റു ചെയ്ത ഗർഡറുകൾ യന്ത്രസഹായത്താൽ ലോഞ്ചിംഗ് ഗർഡറിലൂടെ കയറ്റിയാണ് പൈലുകൾക്കിടയിൽ സ്ഥാപിച്ചത്.
ഒരു സ്പാനിൽ നാലു ഗർഡറുകളാണ് ചേർക്കുന്നത്. 35 മീറ്റർ നീളവും 80 ടൺ ഭാരവുമാണ് ഒരു ഗർഡറിനുള്ളത്. മാക്കേക്കടവ് കരയിലെ ആദ്യത്തെ സ്പാൻ കഴിഞ്ഞ മാസം പൂർത്തിയാക്കി. മൂന്ന് മാസം മുമ്പ് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയ ശേഷം രണ്ടാമത്തെ സ്പാൻ നിർമാണമാണിപ്പോൾ നടന്നു വരുന്നത്. 2016ൽ പാലം നിർമാണം ആരംഭിച്ച ശേഷം കായലിന് നടുവിൽ രണ്ട് നാവിഗേഷൻ സ്പാനുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ 10 ഗർഡറുകൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. 11ാമത്തേതിന്റെ നിർമാണം ആരംഭിച്ചു.
ഒരു ഗർഡർ കോൺക്രീറ്റു ചെയ്താൽ ഉറയ്ക്കാൻ ഒരു മാസമെടുക്കും. ആകെ 80 ഗർഡറുകളാണ് നിർമിക്കേണ്ടത്. മാക്കേക്കടവ് കരയിലാണ് ഗർഡറുകൾ നിർമിക്കുന്നത്. ഇവിടെ സ്ഥല പരിമിതിയുള്ളതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതായി കരാറുകാർ പറഞ്ഞിരുന്നു.