മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലയില്‍ തുടക്കം
1458623
Thursday, October 3, 2024 5:05 AM IST
കോട്ടയം: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനത്താകെ ആരംഭിച്ച മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല മന്ത്രി വി.എന്‍. വാസവന് കുമരകം വള്ളാറപ്പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു.
കുമരകം പഞ്ചായത്തിന്റെ മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തു തന്നെ ആദ്യമായാണ് ഒരു പഞ്ചായത്ത് മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിലും നമ്മള് ഒന്നാമതാണെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ സമ്പൂര്‍ണമാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയും വിധമാണ് ക്യാമ്പയിന് നടക്കുന്നത്. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതല്‍ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ക്ലെമെന്റ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു,
വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കവിതാ ലാലു, കുമരകം പഞ്ചായത്തംഗം ആര്‍ഷ ബൈജു, കുമരകം പഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.