ജീവിതം പെരുവഴിയിലാകുമോ...? പമ്പാവാലിയിലെ കര്‍ഷകര്‍ ആശങ്കയില്‍
1458514
Thursday, October 3, 2024 1:55 AM IST
കോട്ടയം: വീടും കൃഷിയിടവും നഷ്ടമായി ജീവിതം പെരുവഴിയിലാകുമോ എന്ന ആധിയിലും ആശങ്കയിലുമാണ് പമ്പാവാലി, ഏഞ്ചല്‍വാലി നിവാസികള്‍. എരുമേലി പഞ്ചായത്തിന്റെ മലയോരമേഖലയിലെ ഈ രണ്ടു വാര്‍ഡുകളെ പെരിയാര്‍ കടുവാ സങ്കേത പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡില്‍ സമയബന്ധിതമായും വ്യക്തമായും രേഖാമൂലം ബോധിപ്പിക്കുന്നതില്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് ബോധപൂര്‍വമായ അനാസ്ഥ കാണിച്ച സാഹചര്യത്തില്‍ കുടിയേറ്റ ഗ്രാമങ്ങള്‍ പമ്പ വനത്തിന്റെയും പെരിയാര്‍ കടുവാ സങ്കേതത്തിന്റെയും ഭാഗമായി പ്രഖ്യാപിക്കപ്പെടാം.
പമ്പാവാലിയും ഏഞ്ചല്വാലിയും കടുവാസങ്കേതപരിധിയില് നിന്ന് ഒഴിവാക്കപ്പെടണം എന്ന കൃത്യമായ നിര്‍ദേശം അടിയന്തരപ്രാധാന്യത്തോടെ കേന്ദ്രത്തെ ധരിപ്പിച്ചാല്‍ ഒന്‍പതിന് ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര വന്യജീവി ബോര്‍ഡില്‍നിന്ന് അനുകൂല നടപടിയുണ്ടാകും. ജാഗ്രതാപൂര്മായ നീക്കമുണ്ടാകുന്നില്ലെങ്കില് ഇവിടെ തലമുറകളായി അധിവസിക്കുന്ന 1200 കുടുംബങ്ങള്‍ വെറുംകൈയോടെ കുടിയിറങ്ങേണ്ടിവരും.
കിടപ്പാടത്തിന്റെ കൈവശാവകാശരേഖ ലഭിക്കാന്‍ സംസ്ഥാനത്തുതന്നെ ഇത്രയേറെ അവഗണനയും സഹനവും നേരിടേണ്ടിവന്ന കര്‍ഷകര്‍ കുറവാണ്. രണ്ടാം ലോകമഹായുദ്ധകാലത്തെ പട്ടിണിക്ക് പരിഹാരമായി ഇവിടേക്ക് കുടിയേറ്റം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതും സര്‍ക്കാരാണ്. കേരളപ്പിറവിക്കുശേഷം ഏറെയിടങ്ങളിലും പട്ടയം അനുവദിച്ചിട്ടും പമ്പാവാലി, ഏഞ്ചല്‍വാലി നിവാസികളെ പരിഗണിച്ചില്ല.
സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകളും ഇവര്‍ പട്ടയത്തിന് അര്‍ഹരാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഏതാനും പ്രദേശങ്ങളില്‍ പട്ടയം നല്‍കിയെങ്കിലും വനാതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കരം വാങ്ങുന്നത് പില്ക്കാലത്ത് നിർത്തിവച്ചു. മാത്രവുമല്ല ഈ പട്ടയം അസാധുവാക്കുകയും ചെയ്തു. ഇതേ കാലത്ത് പ്രദേശവുമായി ബന്ധമില്ലാത്ത സംഘടനകള്‍ കോടതിയെയും വനംമന്ത്രാലയത്തെയും സമീപിച്ച് പട്ടയം അനുവദിക്കുന്നതില്‍ സ്റ്റേ വാങ്ങി.
വികസനരംഗത്തും ഒറ്റപ്പെട്ടു
അധികാരികളുടെ അവഗണനയും നിഷേധസമീപനവുംമൂലം പ്രദേശം വികസനരംഗത്തും ഒറ്റപ്പെട്ടു. ബാങ്ക് ലോണും വൈദ്യുതിയും പാലങ്ങളുമൊന്നും ഇവിടത്തുകാര്‍ക്ക് ലഭ്യമായില്ല. വിദ്യാഭ്യാസസൗകര്യങ്ങളും ലഭിച്ചില്ല. രണ്ടേക്കറില്‍ താഴെ കൃഷിയിടമാണ് പ്രദേശവാസികളില്‍ ഏറെപ്പേര്‍ക്കുമുള്ളത്. നട്ടുവളര്‍ത്തിയ മരങ്ങള്‍ വെട്ടാനോ കാട്ടു മൃഗങ്ങളെ ഓടിക്കാനോ പോലും അവകാശം നിഷേധിക്കപ്പെട്ടു.
ഏറെക്കാലം ഈ പ്രദേശം പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ പരിധിയിലായിരുന്നു. ഏഞ്ചല്‍വാലിക്കാര്‍ കുമളി പഞ്ചായത്ത് പരിധിയിലായിരുന്ന കാലമുണ്ട്. കൊടുംവനത്തിലൂടെ 80 കിലോമീറ്റര്‍ താണ്ടിയാണ് അക്കാലത്ത് പഞ്ചായത്തില്‍ പോയിരുന്നത്. പില്ക്കാലത്ത് ഇവിടം കോട്ടയം ജില്ലയോടു ചേര്‍ത്തു.
കാലങ്ങള്‍ നീണ്ട നിവേദനസമര്പ്പണത്തിനും വ്യവഹാരത്തിനും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ പട്ടയം ഉള്‍പ്പെടെ കാര്യങ്ങളില്‍ അനുമതി അടുത്തുവന്നപ്പോഴാണ് കസ്തൂരിരംഗനും ഗാഡ്ഗിലും പരിസ്ഥിതിലോല വിവാദങ്ങളും അദാലത്തുകളും ഡിജിറ്റല്‍ മാപ്പിംഗുമൊക്കെ കുരുക്കും കൂച്ചുവിലങ്ങുമായി മാറിയത്.
മനുഷ്യരെ കാണാത്ത വനംവകുപ്പ്
ഏറെപ്പേര്‍ക്കും പട്ടയം ലഭിച്ചെങ്കിലും പ്രദേശം വനത്തോടു ചേര്‍ക്കണമെന്ന നിലപാടാണ് എക്കാലത്തും വനംവകുപ്പ് സ്വീകരിച്ചത്. കണമലയില്‍ കാട്ടുപോത്ത് രണ്ടു കര്‍ഷകരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച നൂറോളം ദേശവാസികള്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. ആറു മാസം മുന്‍പ് കര്‍ഷകനെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയശേഷവും വനാതിര്‍ത്തിയില്‍ സുരക്ഷാസംവിധാനമൊരുക്കുന്നതില്‍ നടപടിയുണ്ടായിട്ടില്ല.
കുടിയേറ്റം 80 വര്‍ഷം പിന്നിടുന്പോഴും ജീവസുരക്ഷയും സ്വന്തം മണ്ണിന് അവകാശവും ലഭിക്കാതെ ദുരിതപ്പെടുകയാണ് പമ്പാവാലി ജനത. ഇതിനിടെയാണ് പ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാക്കണമെന്ന ഉറച്ചനിലപാടുമായി വനംവകുപ്പിന്റെ നീക്കം.
ടൈഗര്‍ റിസര്‍വില്‍ നിന്ന് പ്രദേശത്തെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചശേഷം ഇതിനായുള്ള നടപടികള്‍ അഞ്ചു മാസം മരവിപ്പിക്കുകയും പിന്നീട് തെറ്റായ രേഖകള്‍ നല്‍കുകയുമാണ് വന്യജീവി ബോര്‍ഡ് ചെയ്തത്. നിയമസഭയിലെ ചോദ്യോത്തര ആവശ്യത്തിലേക്കുവരെ വനംവകുപ്പ് അവാസ്തവമായ കാര്യങ്ങളാണ് മന്ത്രിയെ ധരിപ്പിച്ചത്.