പാലം തകർന്നു, കുലുക്കമില്ലാതെ അധികൃതർ
1458380
Wednesday, October 2, 2024 7:08 AM IST
തലയാഴം: തലയാഴം - കല്ലറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൻതോട് പാലം തകർച്ചാഭീഷണിയിൽ. ഒരു വർഷമായി പാലം അപകടനിലയിലാണ്. പാലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ പലതും തകർന്നു നിലംപൊത്തി. ഇപ്പോൾ പ്രദേശവാസികൾ പാലത്തിൽ പലക പാകിയാണ് ഒരുവിധത്തിൽ കടന്നു പോകുന്നത്. വിദ്യാർഥികളും പ്രായമായവരും ഏറെ പണിപ്പെട്ടാണ് പാലം കടക്കുന്നത്.
25 കുടുംബങ്ങളുടെ പ്രധാന സഞ്ചാര മാർഗമായ പാലം തകർന്നിട്ടും അധികൃതർ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി യാത്ര സുരക്ഷിതമാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
പാലത്തിന്റെ നവീകരണത്തിനായി കല്ലറ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും പണികൾ ഒന്നും നടക്കുന്നില്ല. വാർഡ് മെംബറുടെ അനാസ്ഥയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനു പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തെ പാലത്തിന്റെ തകർച്ച പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമാക്കുകയാണ്.
നെൽ, കപ്പ കൃഷികളിലേർപ്പെടുന്ന കർഷകരാണ് ഇവിടെയുള്ളത്. കൃഷിയിടത്തിലേക്ക് വളവും മറ്റുമെത്തിക്കാൻ കർഷകർ ഏറെ പണിപ്പെടേണ്ടിവരുന്നു. കല്ലറ പുത്തൻതോട് നിവാസികൾക്ക് എളുപ്പത്തിൽ വൈക്കത്തേക്ക് എത്താനുള്ള മാർഗമാണ് ഈ പാലം. ഇപ്പോൾ ഇവിടത്തുകാർ അരക്കിലോമീറ്ററോളം നടന്ന് കടത്തുവള്ളത്തിലേറിയാണ് പോകുന്നത്. പാലം കുറ്റമറ്റതാക്കുന്നതിന് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.