കുടിവെള്ളം മുടങ്ങിയിട്ടു പത്ത് ദിവസം; പമ്പ് ഹൗസിനു മുന്നില്‍ ധര്‍ണ നടത്തി
1458379
Wednesday, October 2, 2024 7:08 AM IST
പെരുവ: വൈക്കം, മീനച്ചില്‍ താലൂക്കുകളില്‍ കുടിവെള്ളം വിതരണം നടത്തുന്ന മൂവാറ്റുപുഴയാറിന്റെ തീരത്ത് പമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുന്നു. വെള്ളൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
പത്ത് ദിവസമായി പമ്പിംഗ് സ്റ്റേഷന് മുമ്പില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുകയാണ്. എന്നാല്‍, ഇത് ഏതു ഭാഗത്താണെന്നുപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിച്ചു.
സിപിഎം വെള്ളൂര്‍ ലോക്കല്‍ സെക്രട്ടറി ടി.വി. രാജന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അമല്‍ ഭാസ്കര്‍, കുമാരി, ജിജോ മാത്യു, ടി.വി. ബേബി, സി.എം. ബേബി, ലിസി ജോയി, പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.