വയോജന ദിനാചരണം വ്യത്യസ്തമായി
1458368
Wednesday, October 2, 2024 6:56 AM IST
മാലം: മാലം ഗവൺമെന്റ് യുപി സ്കൂളില്‍ വയോജന ദിനത്തോടനുബന്ധിച്ചു നടത്തിയ മുത്തശി, മുത്തശന്മാരുടെയും കൊച്ചുമക്കളുടെയും സംഗമം വ്യത്യസ്തമായി. സ്കൂളിന്റെയും ഗ്രേസ് കെയര്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
കുഞ്ഞുമക്കള്‍ നിധിപോലെ കാത്തുസൂക്ഷിച്ചുകൊണ്ടുവന്ന സമ്മാനപ്പൊതികള്‍ മുത്തശനും മുത്തശിക്കും കൈമാറിയപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. തുടര്‍ന്നു കുഞ്ഞുമക്കള്‍ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ കൊടുത്തപ്പോള്‍ അതു കണ്ടുനിന്നവരുടെ കണ്ണുകളെയും ആനന്ദക്കണ്ണീരിലാഴ്ത്തി.
പരിപാടി എന്താണെന്നുപോലും നിശ്ചയമില്ലാതെ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും മുപ്പതോളം ആളുകള്‍ കൊച്ചുമക്കളുടെ ക്ഷണം സ്വീകരിച്ചു സ്കൂളിലെത്തി. വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷികളാക്കി അവരെ മടക്കി അയയ്ക്കാനായതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.
വയോജന ദിനാഘോഷം വാര്‍ഡ് മെംബര്‍ ജിജി മണര്‍കാട് ഉദ്ഘാടനം ചെയ്തു. ഗ്രേസ് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ റീന ജയിംസ് മുഖ്യസന്ദേശം നല്കി.
സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.കെ. ബിന്ദു, ഗ്രേസ് കെയര്‍ മാനേജര്‍ സ്നേഹ സന്തോഷ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെസിയമോള്‍ സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.