കവർച്ചക്കേസിൽ അഞ്ചുപേർ അറസ്റ്റിൽ
1458367
Wednesday, October 2, 2024 6:56 AM IST
ഗാന്ധിനഗർ: ഇതരസംസ്ഥാനക്കാർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പണവും, ഫോണും മറ്റും കവർച്ച ചെയ്ത കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ചെറിയപള്ളി പുരയ്ക്കൽ വീട്ടിൽ സാജൻ ചാക്കോ (41), പെരുമ്പായിക്കാട് പള്ളിപ്പുറം മങ്ങാട്ടുകാലായിൽ എം.എസ്. ഹാരിസ് (44), കൊല്ലാട് ഏലമല വീട്ടിൽ രതീഷ് കുമാർ (43), തെള്ളകം കുടുന്നനാകുഴിയിൽ സിറിൾ മാത്യു (58), നട്ടാശ്ശേരി കുറത്തിയാട്ട് എം.കെ. സന്തോഷ് (അപ്പായി-43) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി പത്തോടെ ചൂട്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വീട്ടിൽ അതിക്രമിച്ചു കയറി പോലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ഇവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും മർദിക്കുകയും, വീട്ടില് ഉണ്ടായിരുന്നവരുടെ പണവും ഫോണും വാച്ചും കവർച്ച ചെയ്തു കടന്നുകളയുകയുമായിരുന്നു.
പരാതിയെത്തുടർന്ന് ഗാന്ധിനഗർ പോലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ അഞ്ചു പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.
സാജൻ ചാക്കോയ്ക്കു മണർകാട്, ചിങ്ങവനം സ്റ്റേഷനുകളിലും, ഹാരിസിന് ഗാന്ധിനഗർ സ്റ്റേഷനിലും, രതീഷ് കുമാറിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, മണർകാട്, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലും, സിറിൽ മാത്യുവിന് ഏറ്റുമാനൂർ, മട്ടന്നൂർ, കണ്ണാപുരം, ചക്കരക്കല്ല് സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.