ജനകീയപ്രശ്നങ്ങളില്‍ ജനപ്രതിനിധികള്‍ നിലപാട് പ്രഖ്യാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1458333
Wednesday, October 2, 2024 6:33 AM IST
കോട്ടയം: ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുവാനും വ്യക്തമായ നിലപാടെടുക്കുവാനും അവരുടെ പക്ഷത്തുനിന്ന് സംസാരിക്കുവാനും ജനപ്രതിനിധികള്‍ക്കു കഴിയണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത.
കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഖഫ് നിയമ ഭേദഗതി നടപ്പിലാക്കുക, കൃഷിഭൂമികള്‍ ഇഎസ്എ (പരിസ്ഥിതിലോല മേഖല) പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം തിരുനക്കര ഗാന്ധി പ്രതിമയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിലാണ് കത്തോലിക്ക കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറെവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു.
അഡ്വ.പി.പി. ജോസഫ് വിഷയാവതരണ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ജോസ് ജോണ്‍ വെങ്ങാന്തറ, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന് കുരുവിള, ജിനോ ജോസഫ് കളത്തില്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.