മുക്കട റബര്‍ നഴ്സറി ഏറ്റെടുക്കലിനു പിന്നില്‍ ഭൂമി കച്ചവടതാത്പര്യം: പി.സി. സിറിയക്
1458332
Wednesday, October 2, 2024 6:33 AM IST
കാഞ്ഞിരപ്പള്ളി: മുക്കടയിലെ റബര്‍ ബോര്‍ഡ് കേന്ദ്ര നഴ്സറി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കര്‍ഷക പ്രതിഷേധം ഇരമ്പി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റബര്‍ ഉത്പാദക സംഘങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു.
വ്യവസായ പാര്‍ക്ക് നിര്‍മാണത്തിന് വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം റബര്‍ പാര്ക്കിന് കൈമാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊന്നും ചെയ്യാത്ത കേരള സര്‍ക്കാര്‍, മുക്കടയിലെ സെന്‍ട്രല്‍ റബര്‍ നഴ്സറി ഏറ്റെടുക്കാന്‍ കാണിക്കുന്ന ആവേശത്തിനു പിന്നില്‍ ഭൂമി കച്ചവടതാത്പര്യം മാത്രമാണെന്ന് മുന്‍ റബര്‍ ബോര്‍ഡ് ചെയര്മാന് പി.സി. സിറിയക് അഭിപ്രായപ്പെട്ടു. രാജ്യത്തെ റബര്‍കൃഷിയുടെ പ്രഭവകേന്ദ്രം മുക്കട നഴ്സറിയാണ്.
തൈയുടെ ഗുണമേന്മക്കും വില നിയന്ത്രണത്തിനും ഇതിന്റെ നിലനില്‍പ്പ് ആവശ്യമാണെന്നും പി.സി. സിറിയക് അഭിപ്രായപ്പെട്ടു. വി.വി. ആന്റണിയുടെ അധ്യക്ഷതയില്‍ എന്‍. ഹരി, പി.എ. സലിം, എ.എം. മാത്യു, ഗിരീഷ് എസ്. നായര്‍, തോമസ് കുന്നപ്പള്ളി, ടി.കെ. ജയിംസ്, അഡ്വ. സുരേഷ് കോശി, വി.സി. അജികുമാര്‍, ബാബു ജോസഫ്, ജോര്‍ജ് കൊട്ടാരം, പി.വി. ബാബു, കെ.എസ്. മാത്യു, തോമസ് മാമ്പുഴ, ഷാജി ചിറക്കടവ്, ബിന്നി ചോക്കാട്ട്, എം.എന്‍. കൃഷ്ണപിള്ള കുറുംകണ്ണി, ട.സി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.