റെയില്‍വേ: പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ജനസദസ്
1458331
Wednesday, October 2, 2024 6:33 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനും യാത്രാക്ലേശം പരിഹിക്കുന്നതിനുമായി കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നടത്തിയ ജനസദസില്‍ വന്‍ ജനപങ്കാളിത്തം. നൂറു കണക്കിനു പരാതികള്‍ ലഭിച്ചു. ട്രെയിന്‍ സര്‍വീസുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും ആളുകള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒപ്പം സ്റ്റേഷനുകളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളും ധരിപ്പിച്ചു.
ആദ്യത്തെ ജനസദസ് ഇന്നലെ രാവിലെ ചിങ്ങവനം റെയില്‍വേ സ്റ്റേഷനില്‍ നടന്നു. ജനസദസിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
കോട്ടയത്തിനും ചങ്ങനാശേരിക്കും ഇടയിലുള്ളതും എംസി റോഡിനോട് വളരെ അടുത്തുള്ളതുമായ ചിങ്ങവനം സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്ന് എംപി പറഞ്ഞു.
ചിങ്ങവനം റോഡില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള കവാടത്തില്‍ സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിക്കും.
പൊതുജനങ്ങള്‍ പാളം മുറിച്ച് കടക്കുമ്പോള്‍ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുമെന്ന് കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ജനസദസില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. രണ്ടാം പ്ലാറ്റ് ഫോം ഉയരംകൂട്ടി പുനര്‍ നിര്‍മിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യത്തിനു പരിഹാരമായി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎഎല്‍എ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം, മുളന്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകളിലും ജനസദസ് നടന്നു. അനൂപ് ജേക്കബ് എംഎല്‍എ ഇവിടുത്തെ ജനസദസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റത്തും മുളന്തുരുത്തിയിലും ചോറ്റാനിക്കരയിലും ഉയരം കുറഞ്ഞ പ്ലാറ്റ്ഫോം ഉയരും കൂട്ടുമെന്നും നിര്‍ത്തിവച്ച അടിപ്പാതകളുടെയും മേല്‍പ്പാലത്തിന്റെയും നിര്‍മാണം ആരംഭിക്കുമെന്നും എംപി പറഞ്ഞു.
ഇന്ന് വൈകുന്നേരം നാലിന് കുറുപ്പന്തറ, അഞ്ചിന് കടുത്തുരിത്തി, ആറിന് വൈക്കം റോഡ് എന്നീ സ്റ്റേഷനുകളില്‍ ജനസദസ് നടക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 11ന് ഏറ്റുമാനൂരിലും ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം റോഡ് സ്റ്റേഷനിലും ജനസദസ് നടക്കും.