അന്നങ്ങൾ നിറഞ്ഞാടി; നീലംപേരൂർ പൂരം പടയണിക്ക് പരിസമാപ്തി
1458330
Wednesday, October 2, 2024 6:33 AM IST
ചിങ്ങവനം: ചൂട്ട് വെട്ടം പകര്‍ന്ന് നല്കിയ പൊന്പ്രഭയില്, നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണി കളത്തില്‍ അന്നങ്ങളും കോലങ്ങളും വലിയന്നവും നിറഞ്ഞാടിയതോടെ ഈ വര്‍ഷത്തെ പടയണി രാവുകള്‍ക്ക് പരിസമാപ്തിയായി. അവിട്ടം നാളില്‍ ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണി രാവുകള്‍ക്കാണ് അന്നങ്ങള്‍ നിറഞ്ഞാടുന്ന പൂരം പടയണിയോടെ സമാപനം കുറിച്ചത്.
കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമസേനന് ഗന്ധമാദന പർവതത്തിൽ എത്തുമ്പോള്‍ കാണുന്ന കാഴ്ചയാണ് പൂരം പടയണിയായി നീലംപേരൂരില്‍ എല്ലാ വര്‍ഷവും ആവിഷ്കരിച്ചു വരുന്നത്. പര്‍വത താഴ്ച്ചയിലെ മാനസസരോവരത്തില്‍ അരയന്നങ്ങള്‍ പറക്കുന്നത് ഭീമസേനന് കണ്ടതിന്റെ ദൃശ്യാവിഷ്ക്കാരമാണ് കാര്‍ഷിക സംസ്കാരത്തിന്റെയും കലാ പൈതൃകത്തിന്റെയും പാരമ്പര്യം വിളിച്ചോതി അന്നങ്ങളുടെ പൂരമായി ക്ഷേത്രത്തില്‍ പടയണിയുടെ ഭാഗമായി അവതരിപ്പിച്ചത്.
ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും ഭക്തജനങ്ങള്‍ സമര്‍പ്പിച്ച 62 പുത്തനന്നങ്ങളും കോലങ്ങളും ആണ് പൂരം പടയണിയുടെ മുഖ്യാകര്‍ഷണമായി പടയണി കളത്തില്‍ നിറഞ്ഞത്. വല്യന്നം വന്നടാ തെയ് തക തിന്തകം എന്ന താളത്തില്‍ വാദ്യഘോഷങ്ങളുടെയും ചൂട്ടുകറ്റകളുടെയും അകമ്പടിയോടെയാണ് വല്യന്നവും ചെറിയ അന്നങ്ങളും ക്ഷേത്രനടയില്‍ എഴുന്നള്ളിയത്.
ചൂട്ട് വെട്ടത്തിന്റെ അകമ്പടിയില്‍ വല്യന്നങ്ങളും ചെറിയന്നങ്ങളും എഴുന്നള്ളിയെത്തുന്നതിനൊപ്പം വിവിധ കോലങ്ങളും പടയണിക്കളത്തില്‍ എത്തിയതോടെ നിലയ്ക്കാത്ത ആര്‍പ്പു വിളികളുടെയും ആവേശത്തിന്റെയും നേര്‍കാഴ്ച കാണികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാനായി.
ഇന്നലെ രാവിലെ മുതല്‍ അന്നങ്ങളുടെ നിറപണികള്‍ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ആറിന് നിറപണികള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 12-ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ, തുടര്‍ന്ന് പ്രസാദമൂട്ട് എന്നിവ നടന്നു. രാത്രി 7.30-ന് അത്താഴപൂജ, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കല്‍, രാത്രി 10-ന് കുടംപൂജകളി, 10.30-ന് ക്ഷേത്രം മേല്‍ശാന്തി സര്‍വപ്രായശ്ചിത്തം നടത്തി. തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി അനുവാദം വാങ്ങിയതോടെ വല്യന്നങ്ങളുടെയും പുത്തനന്നങ്ങളുടെയും തിരുനടസമര്‍പ്പണം നടന്നു. തുടര്‍ന്ന് അരിയും തിരിയും വച്ചതോടെ ഈ വര്‍ഷത്തെ പടയണി രാവുകള്‍ക്ക് ഗ്രാമം വിട ചൊല്ലി.