കളരിപ്പയറ്റ് പോലീസ് ട്രെയിനിംഗിന്റെ ഭാഗമാക്കിയ ചാരിതാര്‍ഥ്യത്തോടെ ബ്രിജേഷിനു പടിയിറക്കം
1458329
Wednesday, October 2, 2024 6:33 AM IST
കൊച്ചി: കോട്ടയം ഡിഎച്ച്ക്യുവിലെ എഎസ്ഐ എസ്. ബ്രിജേഷ് ഇന്നലെ സര്‍വീസില്‍നിന്നു സ്വയം പടിയിറങ്ങിയത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. കേരള പോലീസ് ട്രെയിനിംഗ് കോഴ്സില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്താനുള്ള ശ്രമം വിജയിച്ചതാണു തന്റെ സര്‍വീസിലെ ഏറ്റവും മികച്ച നേട്ടമായി അദ്ദേഹം കാണുന്നത്. ഏറെ താത്പര്യമുള്ള കളരിപ്പയറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് നാലു വര്‍ഷംകൂടി സര്‍വീസ് ഉണ്ടായിട്ടും പോലീസ് ജോലി ഉപേക്ഷിച്ച് ബ്രിജേഷ് ഗുരുക്കള്‍ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കോട്ടയം തിരുവാതുക്കല്‍ സ്വദേശിയായ ബ്രിജേഷ് 16ാം വയസിലാണു കളരിപ്പയറ്റ് പഠിച്ചുതുടങ്ങിയത്. യോഗാചാര്യ മലബാര്‍ പി. വാസുദേവന്‍ ഗുരുക്കളുടെയും മകന് കൊല്ലം സി.വി.എന്‍ കളരിയിലെ പി.വി. ശിവകുമാര്‍ ഗുരുക്കളുടെയും ശിക്ഷണത്തിലായിരുന്നു പഠനം. 1999ല്‍ ബ്രിജേഷിന് ഗുരുസ്ഥാനവും കിട്ടി. 2000 ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി പ്രവേശിച്ച ഇദ്ദേഹം 24 വര്‍ഷത്തെ സേവനത്തിനുശേഷമാണ് സ്വയം വിരമിച്ചത്.
പോലീസുകാര്‍ക്കുള്ള അണ് ആംഡ് കോംപാക്ടില്‍ കരാട്ടെ, കുങ്ഫു തുടങ്ങിയ ഇനങ്ങളിൽ പരിശീലനം നല്കുമ്പോഴും കേരളത്തിന്റെ ആയോധനകലയായ കളരിയെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
പത്തനംതിട്ട മണിയാറിലെ പോലീസ് ക്യാമ്പില്‍നിന്ന് 2003 ല്‍ കേരള പോലീസ് അക്കാദമിയില്‍ എത്തിയ ബ്രിജേഷ് കളരിപ്പയറ്റിന്റെ പ്രചാരത്തിന് മുന്നിട്ടിറങ്ങി. പോലീസുകാരുടെ ദൈനംദിന ഡ്യൂട്ടിയില്‍ കളരിപ്പയറ്റ് സഹായകമാകുന്ന രീതിയിലുള്ള പ്രോജക്ട് തയാറാക്കി ട്രെയിനിംഗ് ഓഫീസറായ ടി.ആര്.ശശിധരന് സമര്‍പ്പിച്ചു. 2005 ജൂലൈയില്‍ അന്നത്തെ ട്രെയിനിംഗ് എഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് കളരിപ്പയറ്റ് പോലീസ് ട്രെയിനിംഗിന്റെ ഭാഗമാക്കിക്കൊണ്ട് ഈ പ്രോജക്ട് അംഗീകരിച്ചു.
തുടര്‍ന്ന് ബ്രിജേഷ് തന്നെ ഇതിനു സിലബസ് തയാറാക്കി രണ്ടു വര്‍ഷത്തോളം വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കളരി പരിശീലനം നല്കി. ഇപ്പോള്‍ ആലപ്പുഴ മുഹമ്മയിലാണു താമസം. ഭാര്യ സ്മിത. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാര്‍വതിയും നാലാം ക്ലാസുകാരന് കശ്യപും കളരി പരിശീലിക്കുന്നുണ്ട്.
സ്വന്തം ലേഖിക