എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ് പരാധീനതകളുടെ നടുവിൽ
1458327
Wednesday, October 2, 2024 6:33 AM IST
എരുമേലി: കഴിഞ്ഞ ശബരിമല സീസണിൽമാത്രം രണ്ടേകാൽ കോടി രൂപ വരുമാനം നേടിയ എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിന്റെ അവസ്ഥ പരിതാപകരം.
നിന്നുതിരിയാൻ ഇടയില്ലാത്ത സ്റ്റാൻഡിൽ മാലിന്യങ്ങളുടെ കൂന്പാരമാണ്. ശുചിമുറികൾ പ്രവർത്തിക്കുന്നില്ല. തൊട്ടടുത്ത തോട്ടിലും മാലിന്യങ്ങൾ കുന്നുകൂടുന്നു. സ്റ്റാൻഡിൽ ഒരു വെയ്സ്റ്റ് ബിൻ പോലുമില്ല. 26 ബസുകൾ സ്റ്റാൻഡിൽനിന്നു നേരിട്ട് സർവീസ് നടത്തുന്നുണ്ട്. കൂടാതെ നൂറോളം ബസുകൾ സ്റ്റാൻഡിലെത്തി ദിവസവും കടന്നുപോകുന്നു. ആയിരത്തിൽപരം പേർ ദിവസവും സ്റ്റാൻഡിൽ എത്തുന്നുണ്ട്.
112 പുരുഷന്മാരും എട്ടു സ്ത്രീകളും ഉൾപ്പടെ 120 ജീവനക്കാരുണ്ട്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ആയിരത്തോളം പേർക്കു കൈകൾ കഴുകാൻ ആകെ ഒരു വാഷ് ബേസിൻ മാത്രമാണുള്ളത്. യാത്രക്കാർക്കുള്ള നാലു ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള ശുചിമുറികൾ അടച്ചിട്ട നിലയിലാണ്. ശബരിമല സീസണിലാണ് ഇതു ലേലം ചെയ്തു പ്രവർത്തിപ്പിക്കുന്നത്. യാത്രക്കാർക്ക് ഇടുങ്ങിയ മുറിയിലാണ് വിശ്രമ ഇരിപ്പിടമുള്ളത്. ശബരിമല സീസണിൽ ഇവിടെ നിന്നുതിരിയാനുള്ള ഇടമില്ല. ജീവനക്കാർക്ക് മൂന്ന് ശുചിമുറികളുണ്ട്. രാത്രിയിൽ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടയില്ലാത്ത വിധമാണ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്നത്.
ദേവസ്വം ബോർഡിൽനിന്നു വാടകയ്ക്കെടുത്ത 60 സെന്റ് സ്ഥലത്താണ് സ്റ്റാൻഡും ബസ് പാർക്കിംഗും ഗാരേജും ഓഫീസും വെയിറ്റിംഗ് ഷെഡുമുള്ളത്. സ്ഥലപരിമിതികൾ മാറാതെ സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാവില്ല. കെഎസ്ആർടിസിയുടെ സ്വന്തം സ്ഥലം അല്ലാത്തതിനാൽ കോർപറേഷനിൽനിന്നു ഫണ്ട് കിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഫണ്ട് നൽകാൻ ഇതേ കാരണമാണ് പഞ്ചായത്തും ഉന്നയിക്കുന്നത്. പാട്ടത്തിനു നൽകിയ സ്ഥലം ആയതിനാൽ സ്ഥലത്തിന്റെ ഉടമയായ ദേവസ്വം ബോർഡിൽനിന്നും ഫണ്ട് കിട്ടില്ല. ഒന്നുകിൽ സർക്കാർ ഇടപെട്ട് കെഎസ്ആർടിസിക്ക് ഈ സ്ഥലം സ്വന്തമായി വിട്ടുനൽകണം. ഒപ്പം കൂടുതൽ സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് കൈമാറണം.
അതേസമയം സ്ഥലം ഏറ്റെടുത്തു നൽകാൻ പഞ്ചായത്ത് ശ്രമങ്ങൾ നടത്തിയതാണ്. എന്നാൽ, ബജറ്റിൽ പതിവുള്ള പദ്ധതി മാത്രമായി ഇത് മാറുകയാണ്. കോടികൾ വരുമാനം നേടുമ്പോഴും ഇല്ലായ്മകളിൽ വലയേണ്ട സ്ഥിതിയിലാണ് എരുമേലിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ.