ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിക്കു തുടക്കം
1458326
Wednesday, October 2, 2024 6:33 AM IST
കാഞ്ഞിരപ്പള്ളി: മാലിന്യമുക്ത നവകേരള പരിപാടിയുടെ ഭാഗമായി ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിക്കു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചെടികൾ, തണൽമരങ്ങൾ എന്നിവ പഞ്ചായത്ത് വച്ചുപിടിപ്പിച്ച് ഹരിതചട്ടം പാലിക്കപ്പെടുന്ന ഓഫീസാക്കി മാറ്റുമെന്ന് കെ.ആർ. തങ്കപ്പൻ പറഞ്ഞു.
പഞ്ചായത്തംഗം ബിജു ചക്കാല അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.എം. ജോസുകുട്ടി, ഭുരേഖ തഹസിൽദാർ പി.എസ്. സുനിൽ കുമാർ, വില്ലേജ് ഓഫീസർ സുബൈർ, അൻസാരി, പഞ്ചായത്തംഗങ്ങളായ ശ്യാമള ഗംഗാധരൻ, ബിജു പത്യാല, വി.പി. രാജൻ, മഞ്ജു, കുടുംബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
പദ്ധതിയുടെ തുടർച്ചയായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ പഞ്ചായത്തുതല മെഗാ ക്ലീനിംഗ് ഉദ്ഘാടനം ഇന്നു രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിക്കും.
പൊതുസ്ഥാപനങ്ങൾ, ഭവനങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, പൊതുനിരത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നു ശുചീകരണം നടത്തും.