സാൻജിയോയിൽ സഹോദരിമാർക്കൊപ്പം പാട്ടുപാടി ചീഫ് വിപ്പ്
1458325
Wednesday, October 2, 2024 6:33 AM IST
കാഞ്ഞിരപ്പള്ളി: സാൻജിയോ ഭവൻ ഓൾഡ് ഏജ് ഹോമിലെ വയോജന ദിനാചരണം വേറിട്ടതായി. സഹോദരിമാരും അന്തേവാസികളുമായ എം.എം. മേരിക്കുട്ടി, എം.എം. ഏലിക്കുട്ടി എന്നിവർ എഴുതി ഈണമിട്ട് അവർ തന്നെ പാടിയ പാട്ടാണ് വയോജനദിനത്തെ വ്യത്യസ്തമാക്കിയത്. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ഇവർക്കൊപ്പം ചേർന്ന് പാട്ടുപാടി.
ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുന്നുംഭാഗം സാൻജിയോ ഭവൻ ഓൾഡ് ഏജ് ഹോമിൽ വയോജന ദിനാചരണം നടത്തിയത്. വയോജനങ്ങളുടെ അനുഭവസമ്പത്തും അറിവും പുതിയ തലമുറ ഉപയോഗപ്പെടുത്തണമെന്ന് എൻ. ജയരാജ് പറഞ്ഞു.
പഞ്ചായത്തംഗം ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, അമ്പിളി ശിവദാസ്, കെ. ഏബ്രഹാം, ലീന കൃഷ്ണകുമാർ, ശ്രീലത സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര എന്നിവർ പ്രസംഗിച്ചു. സാൻജിയോ ഭവൻ ഡയറക്ടർ സിസ്റ്റർ ആൻസ് മാത്യു,സിസ്റ്റർ തെരേസ, സിസ്റ്റർ ക്ലയർ, സിസ്റ്റർ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.