ശബരിമല റോഡ് അറ്റകുറ്റപ്പണി മുടങ്ങും
1454498
Thursday, September 19, 2024 11:48 PM IST
14,000 കോടി നിര്‍മാണ കുടിശിക; പണിമുടക്കി കരാറുകാര്‍
കോട്ടയം: വിവിധ വകുപ്പുകളിലെ പൊതുമരാമത്ത് കരാര്‍ പണികള്‍ക്ക് പതിനാലായിരം രൂപ കുടിശിക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കൊല്ലം ശബരിമല സീസണ് മുന്നോടിയായുള്ള പണികള്‍ മുടങ്ങിയേക്കും. ശബരിമല, എരുമേലി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മുപ്പതു റോഡുകളാണ് അറ്റകുറ്റപ്പണി അടുത്തമാസം പൂര്‍ത്തിയാക്കേണ്ടത്. തുലാവര്‍ഷം ശക്തിപ്പെടുന്നതിനു മുമ്പ് ഈ പണികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
ഇത്രയും ജോലികള്‍ക്ക് മാത്രം 50 കോടി രൂപ വേണ്ടിവരും. ബാങ്ക് ബാധ്യതകളും ജപ്തി നോട്ടീസുകളുമായി ബാധ്യതയേറിക്കൊണ്ടിരിക്കെ ഇനി കരാര്‍ പണികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വ്യക്തമാക്കി. മാത്രവുമല്ല സാമ്പത്തിക കുടിശികയുള്ളവരെ ബാങ്കുകള്‍ കരിമ്പട്ടികയില്‍ പെടുത്തുന്നതിനാല്‍ ബാധ്യത തീര്‍ക്കാതെ പണം അനുവദിക്കില്ല.
2018ലെ നിര്‍മാണ നിരക്കിലാണ് ഇപ്പോഴും ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഇതിനുശേഷം കല്ല്, പാറപ്പൊടി, കമ്പി ഉള്‍പ്പെടെ സാമഗ്രികള്‍ക്ക് ഇരട്ടിയോളം നിരക്ക് വര്‍ധിച്ചു.ഗതാഗതം, തൊഴില്‍ക്കൂലി എന്നിവയിലും ചെലവ് സാരമായി കൂടി. എല്ലാ നിര്‍മാണ ടെന്‍ഡറിനും 18 ശതമാനം ജിഎസ്ടി അയക്കേണ്ടതുള്ളതിനാല് അതില്‍ ശേഷിക്കുന്ന തുക മാത്രമേ പണികള്‍ നടത്താനാകൂ. വാട്ടര്‍ അഥോറിട്ടിയില്‍ മാത്രം നാലായിരം കോടി രൂപയാണ് കരാര്കാര്ക്കുള്ള കുടിശിക.