പൊൻകുന്നം: കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. പെരിയാർ സ്വദേശി മുത്തുവിനെയാണ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ 6.15ന് ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപമാണ് സ്കൂട്ടറിൽ കാറിടിച്ച് അപകടമുണ്ടായത്.
ഈ സമയം പൊൻകുന്നത്തുനിന്ന് മുണ്ടക്കയം വഴി പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തി യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ മുൻകൈയെടുത്തു. ഡ്രൈവർ പാലാ സ്വദേശി സോജൻ, കണ്ടക്ടർ ചേനപ്പാടി സ്വദേശി പി.പി. അൻസാരി എന്നിവർ ചേർന്ന് മുത്തുവിനെ ബസിൽ കയറ്റി തങ്ങൾ വന്ന വഴിയേ തിരിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. അതിനുശേഷമാണ് യാത്ര തുടർന്നത്. അപകടസ്ഥലത്തുനിന്ന് അര കിലോമീറ്ററോളം പിന്നിലാണ് ആശുപത്രി.