റോഡ് നന്നാക്കാത്തതിൽ വെള്ളക്കെട്ടില്‍ തുണിയലക്കി യുവാവിന്റെ പ്രതിഷേധം
1453820
Tuesday, September 17, 2024 5:47 AM IST
കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ചു റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി യുവാവിന്റെ വേറിട്ട പ്രതിഷേധം. തിരുവോണദിനത്തില്‍ വൈകുന്നേരമാണ് യുവാവ് സുഹൃത്തിനൊപ്പമെത്തി പ്രതിഷേധം നടത്തിയത്.
നാട്ടുകാരും വാഹനയാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ യുവാവിന്റെ പ്രതിഷേധസമരത്തിന് പിന്തുണയറിയിച്ചു. അലരി പ്ലാച്ചേരിതടത്തില് രഞ്ചുമോന്‍ (37) ആണ് റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി പ്രതിഷേധിച്ചത്. സുഹൃത്ത് വൈശാഖ് ബെന്നിയും രഞ്ചുമോനൊപ്പമുണ്ടായിരുന്നു. രഞ്ചുമോന്‍ തുണിയലക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ചത് വൈശാഖായിരുന്നു.
ഓണത്തിരക്കായതിനാല്‍ വള്ളം കിട്ടാത്തതിനാലാണ് റോഡിലെ വെള്ളക്കെട്ടില്‍ വള്ളംകളി മത്സരം നടത്താന്‍ കഴിയാതെ പോയതെന്നും രഞ്ചുമോന്‍ പറഞ്ഞു. 20 മിനിറ്റോളം റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളെല്ലാം വ്യത്യസ്ത രീതിയിലുള്ള സമരം കണ്ട് വാഹനം നിര്‍ത്തി പിന്തുണയറിയിച്ചു.
അപകട കെണിയൊരുക്കി ഏറേ കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ് കടുത്തുരുത്തി - പെരുവ റോഡിലെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപെട്ടിരിക്കുന്നത്.
പെരുവ മുതല്‍ കടുത്തുരുത്തി വരെ ഉന്നത നിലവാരത്തില്‍ റോഡ് നവീകരണം നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഉദ്ഘാടനം രണ്ടര വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടന പദ്ധതിയില്‍ ഉള്‍പെടുത്തി അനുവദിച്ച അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കടുത്തുരുത്തി മുതല്‍ പെരുവ വരെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.