ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിൽ പച്ചക്കറി, പൂക്കൃഷി വിളവെടുപ്പ്
1453698
Tuesday, September 17, 2024 12:08 AM IST
മുണ്ടക്കയം: ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ പൂക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന പുതുതലമുറയ്ക്ക് പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കാനും നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സൗഹൃദ മനസ് തിരികെപ്പിടിക്കുവാനും സ്കൂളുകളിലെ ഉദ്യാനവത്കരണത്തിലൂടെയും പച്ചക്കറി കൃഷിത്തോട്ടം നിർമാണത്തിലൂടെയും സാധിക്കുമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി നല്ലസമറായൻ ആശ്രമം ഡയറക്ടർ ഫാ. റോയ് മാത്യു വടക്കേൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ജോസഫ് കല്ലുപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസുമാരായ ഷാന്റി ജോസഫ്, ബിനോൾ കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഇഞ്ചിയാനി ഹോളിഫാമിലി യുപി സ്കൂളിന്റെ പരിസരത്താണ് വെണ്ടയും വഴുതനയും പയറും ഉൾപ്പെടെയുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നത്. സ്കൂളിലെ കർഷക ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് കൃഷി പരിപാലനം. ഹോളിഫാമിലി ഹൈസ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ വിദ്യാർഥികളാണ് പൂകൃഷി നടത്തുന്നത്. എല്ലാ പിന്തുണയുമായി അധ്യാപകരും ഒപ്പമുണ്ട്. ഓണത്തോടനുബന്ധിച്ച് വിളവെടുത്ത പൂക്കൾ കാഞ്ഞിരപ്പള്ളി നല്ല സമറായൻ ആശ്രമത്തിനാണു കൈമാറിയത്.