അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും
1453697
Tuesday, September 17, 2024 12:08 AM IST
മുണ്ടക്കയം: അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും. ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ചോറ്റി നിർമലാരം ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടമുണ്ടായത്.
മുണ്ടക്കയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചശേഷം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വണ്ടിപ്പരിയാർ സ്വദേശിയായ കൂടത്തിൽ അഭിജിത്ത് ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ ആളുകൾ ഓടിക്കൂടിയെങ്കിലും ഗുരുതരമായി പരിക്കേറ്റ് നടുറോഡിൽ കിടന്ന അഭിജിത്തിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. ഈ സമയം പാലാ-മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഇതുവഴി കടന്നുവന്നു.
കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽ പറമ്പിൽ ജയിംസ് കുര്യൻ, ഡ്രൈവർ ചിറക്കടവ് സ്വദേശി കുതിരകുളത്ത് കെ.ബി. രാജേഷ് എന്നിവർ ബസ് നിർത്തി യുവാവിനെ റോഡിന്റെ വശത്തേക്ക് മാറ്റിക്കിടത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നിരവധി വാഹനങ്ങൾ കൈകാണിച്ചെങ്കിലും ആരും നിർത്തുവാൻ തയാറായില്ല. പിന്നീട് കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും ചേർന്ന് യുവാവിനെ ബസിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാനായതോടെ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിക്കാൻ കാണിച്ച കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും നല്ല മനസിന് നാടാകെ അഭിനന്ദന പ്രവാഹമാണ്.