നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി; ശബരിമല തീർഥാടകർക്കു പരിക്ക്
1489081
Sunday, December 22, 2024 5:48 AM IST
കാഞ്ഞിരപ്പള്ളി: നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി ഒരു കുട്ടി ഉൾപ്പെടെ നാല് ശബരിമല തീർഥാടകർക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
പരിക്കേറ്റവരെല്ലാം ആന്ധ്രാപ്രദേശ് സ്വദേശികളായ തീർഥാടകരാണ്. പ്രകാശം ജില്ലയിൽ താമസക്കാരായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീ മൻ നാരായണ (38), ഇദ്ദേഹത്തിന്റെ മകൾ ലക്ഷ്മി റിഷിത (11), ഡ്രൈവർ ലക്ഷ്മി റെഡ്ഡി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.