നിർത്തിയിട്ട വാഹനമുരുണ്ട് അയ്യപ്പഭക്തരെ ഇടിച്ചു; ഭക്തർ വാഹനത്തിന്റെ ചില്ലുകൾ തകർത്തു
1489078
Sunday, December 22, 2024 5:48 AM IST
എരുമേലി: നിർത്തിയിട്ടിരുന്ന ടാറ്റാ സുമോ ടാക്സി വാഹനം തനിയെ സ്റ്റാർട്ടായി മുന്നോട്ടുരുണ്ട് രണ്ട് അയ്യപ്പഭക്തരെ ഇടിച്ചിട്ട ശേഷം കടയിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ തീർഥാടകയെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് രോഷാകുലരായ അയ്യപ്പഭക്തർ ഡ്രൈവറെ കൈയേറ്റം ചെയ്യുകയും വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 8.30ഓടെ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ദേവസ്വം ബോർഡ് ഗ്രൗണ്ടിൽ ടാക്സികൾ പാർക്ക് ചെയ്യുന്നിടത്താണ് സംഭവം. തമിഴ്നാട് വെല്ലൂർ സ്വദേശി സുശീല (58)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനമിടിച്ച് ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് കനിയപ്പന് നിസാര പരിക്കുണ്ട്.
ശബരിമല ദർശനത്തിന് വന്ന ഇരുവരും ഗ്രൗണ്ടിൽ താത്കാലിക കടയുടെ മുന്നിൽ വിരി വച്ച് വിശ്രമിക്കുമ്പോഴാണ് എതിരേ നിർത്തിയിട്ടിരുന്ന ടാക്സി വാഹനം തനിയെ സ്റ്റാർട്ടായി മുന്നോട്ടുരുണ്ട് ഇവരെ ഇടിച്ചത്. കടയുടമയും മറ്റുള്ളവരും ഓടിമാറിയിരുന്നു.
വാഹനം ഇടിച്ച് കടയുടെ മേൽക്കൂരയിലെ ഷീറ്റുകളും പൈപ്പുകളും ബോർഡും തകർന്ന നിലയിലാണ്. വാഹനം മുന്നോട്ട് ഉരുളുന്നതുകണ്ട് ഓടിവന്ന ഡ്രൈവർ എരുമേലി സ്വദേശി നാലുമാവുങ്കൽ രാജൻ വാഹനം പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാഹനം പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ രാജൻ താഴെ വീണിരുന്നു.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ അയ്യപ്പഭക്തരിൽ ചിലർ ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും പേട്ടതുള്ളലിന് ഉപയോഗിക്കുന്ന മരത്തടിയിലുള്ള വാൾ കൊണ്ട് വാഹനത്തിന്റെ മുൻ ഗ്ലാസും സൈഡിലെ ഗ്ലാസും അടിച്ചു തകർക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്നാണ് സംഘർഷം നിയന്ത്രിച്ച് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
അപകടത്തിന് കാരണം വാഹനത്തിന്റെ സെൽഫ് സ്റ്റാർട്ടിംഗ് സ്വിച്ച് തകരാറിലായത് മൂലമാണെന്ന് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൈയേറ്റം ചെയ്തതിനും വാഹനത്തിന്റെ ചില്ലുകൾ തകർത്തതിനും എരുമേലി പോലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർ രാജൻ പറഞ്ഞു.
അതേസമയം ടാക്സികൾ ഇവിടെ അനധികൃത പാർക്കിംഗ് നടത്തുന്നത് വിലക്കിയിട്ടുള്ളതാണെന്ന് അറിയിച്ച് ദേവസ്വം ബോർഡ് അധികൃതരും ഗ്രൗണ്ടിന്റെ കരാറുകാരനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.