വെള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തിയ ആൾ പിടിയില്‍
1489221
Sunday, December 22, 2024 7:18 AM IST
പെരുവ: വെള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തിയാള്‍ പിടിയില്‍. മറ്റൊരു മോഷണ കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയുകയായിരുന്ന തലശ്ശേരി സ്വദേശി അനിയ കൊല്ലത്ത് വീട്ടില്‍ സിദ്ധിഖ് (60) നെയാണ് വെള്ളൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. 200 ലധികം മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ മാസം 19 ന് പുലര്‍ച്ചെയാണ് വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം കിഴക്കേപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 24,900 രൂപയും വെള്ളൂര്‍ ജംഗ്ഷനിലുള്ള മണികണ്ഠന് ഹോട്ടലില്‍ നിന്ന് 5,000 രൂപയുടെ ചില്ലറയും മോഷ്ടിച്ചു ഇയാള്‍ കടന്നത്. സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. ഈ മേഖലയില്‍ മോഷ്ടാക്കള്‍ ഇറങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വീടുകളുടെ പുറത്തെ ലൈറ്റുകള്‍ തെളിച്ചിടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
പോലീസ് പട്രോളിംഗിനിടെയില് മോഷണം നടന്ന ഗോപാലകൃഷ്ണന്റെ വീട്ടില്‍ ലൈറ്റ് തെളിയാത്തത് ശ്രദ്ധയില്‍പെട്ട പോലീസ് ഗോപാലകൃഷ്ണനെ വിളിച്ചുണര്‍ത്തി ലൈറ്റ് തെളിയിച്ച ശേഷമാണ് മടങ്ങിയത്. പോലീസ് പോയ ശേഷം വാതിലടയ്ക്കാതെ കസേരയില്‍ ഇരുന്ന ഗോപാലകൃഷ്ണന് ഉറങ്ങിപ്പോയി. ഈ സമയത്താണ് കള്ളന് വീട്ടില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ചിട്ടി പിടിച്ചു കിട്ടിയ തുകയും ആഭരണവും മോഷ്ടിച്ചത്.
ആഭരണം മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയ കള്ളന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് മോഷ്ടാവ് കിഴക്കേപറമ്പില്‍ രവിന്ദ്രന്റെ വീട്ടിലെ വാതിലില്‍ മുട്ടി മോഷണശ്രമം നടത്തിയിരുന്നു.
വീട്ടുകാര്‍ ബഹളം വച്ചതിനാല്‍ ഇവിടെ മോഷണം നടത്താന്‍ കഴിഞ്ഞില്ല. സമീപത്തെ പുത്തന്‍പറമ്പില്‍ ബാബുവിന്റെ വീട്ടിലും കള്ളനെത്തിയെങ്കിലും ഇവിടുത്തെ യുവതി കംംപ്യൂട്ടറില് ജോലി ചെയ്തു കൊണ്ടിരുന്നതിനാല്‍ മോഷണം നടത്താനായില്ല. പിന്നീട് ജംഗ്ഷനിലെ മണികണ്ഠ ഹോട്ടല്‍ കുത്തിത്തുറന്ന് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയോളം ചില്ലറ നാണയങ്ങള്‍ കവര്‍ന്നു.
ഒരു മാസത്തിനിടെയില്‍ വെള്ളൂര്‍ പോലീസിന്റെ പിടിയിലാകുന്ന നാലാമത്തെ മോഷ്ടാവാണ് സിദ്ധിഖ്. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.