ബൈക്കിലെത്തി മാലപൊട്ടിക്കൽ: ജില്ലയിൽനിന്ന് പുറത്താക്കിയ കാപ്പാ കേസ് പ്രതി പിടിയിൽ
1489228
Sunday, December 22, 2024 7:18 AM IST
ചങ്ങനാശേരി: ഗുണ്ടാ നിയമപ്രകാരം ജില്ലയില്‍നിന്നു പുറത്താക്കിയയാളെ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ തൃക്കൊടിത്താനം പോലീസ് പിടികൂടി. തൃക്കൊടിത്താനം സ്വദേശി തോമസ് കുര്യാക്കോസ് (ബിനു കൂടത്തിട്ട്) നെയാണ് പിടികൂടിയത്.
ജില്ല പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍നിന്നു കഴിഞ്ഞമാസം ഇയാളെ നാടുകടത്തിയത്. തുടര്‍ന്ന് ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്ത് താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 5.45നു കാലായിപ്പടി ഭാഗത്ത് പള്ളിയില്‍ പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി പൊട്ടിക്കുകയായിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്, എസ്എച്ച്ഒ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറുകള്‍ പൂര്‍ണമായും മറച്ച നിലയിലായിരുന്നു.
ഇയാള്‍ സിസിടിവി കാമറകള്‍ ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ചു കാലായിപ്പടി ഭാഗത്തുനിന്നു പായിപ്പാട് മീഞ്ചന്ത ഭാഗത്തുകൂടിയാണ് തിരുവല്ല ഭാഗത്തേക്ക് കടന്നിരുന്നത്. ഗുണ്ടാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്തായിരുന്ന ഇയാളെ പോലീസ് നിരീക്ഷിച്ചിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ആലപ്പുഴയില്‍ വച്ചിട്ടാണ് മോഷണത്തിനെത്തിയിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച സമയത്ത് ഭാര്യ ബിഡി കൈമാറിയിരുന്നു.
ഇതിനെ എതിര്‍ത്ത് പോലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ആസഭ്യം പറയുകയും ചെയ്തിരുന്നു. എസ്ഐമാരായ പി.എസ്. അരുണ്‍ കുമാര്‍, ഷിബു, ഫിലിപ്പ് കുട്ടി, ആന്റണി, സിജോ, സിവില്‍ പോലീസുകാരായ അരുണ്‍, ജോര്‍ജ്, ഷമീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.