സഭയ്ക്കും രാഷ്ട്രത്തിനും വേണ്ടപ്പെട്ടവരാകണം യുവജനങ്ങള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
1489087
Sunday, December 22, 2024 5:58 AM IST
പാലാ: ക്രൈസ്തവ ജീവിതശൈലി സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സഭയ്ക്കും സമൂഹത്തിനും വേണ്ടപ്പെട്ടവരാകണം യുവജനങ്ങളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ബോധിപ്പിച്ചു. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഇന്നലെ നടന്ന യുവജന മഹാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
മിശിഹായില്‍നിന്നു സ്വീകരിക്കുന്ന സന്തോഷം ലോകം മുഴുവന്‍ പടര്‍ത്തണം. യുവജനങ്ങള്‍ സഭയാണ്. സഭയുടെ രക്ഷാകരദൗത്യത്തില്‍ പങ്കുചേര്‍ന്ന് യൗവനത്തില്‍ത്തന്നെ സമൂഹത്തിന് സാക്ഷ്യം നല്‍കുന്നവരാണ് യുവജനങ്ങള്‍. ക്രൈസ്തവ വ്യക്തിത്വം ഭാരതത്തിന്റെ രാഷ്ട്രീയ ബോധത്തിലേക്കും വളരണം.
സഭയോടും രാഷ്ട്രത്തോടുമുള്ള ആഭിമുഖ്യം നമ്മുടെ ഹൃദയത്തിലുണ്ടാകണം. നാം രാജ്യത്തിന്റെ പുനര്‍നിര്‍മിതിയില്‍ പങ്കാളികളാകണം. സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്ന് എളിയവരിലും പാവപ്പെട്ടവരിലും ദൈവത്തെ കാണണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
നസ്രാണിസഭയുടെ അടയാളങ്ങള്‍ സംരക്ഷിക്കാനും കൈമാറാനും യുവജനങ്ങള്‍ക്കു കഴിയണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, രൂപത പ്രസിഡന്റ് എഡ്വിന് ജോസി എന്നിവര്‍ പ്രസംഗിച്ചു. സിനി ആര്‍ട്ടിസ്റ്റ് സിജോയ് വര്‍ഗീസ് യുവജനങ്ങളുമായി മുഖാമുഖം നടത്തി.
ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കൽ എന്നിവരും സംഗമത്തില്‍ സന്നിഹിതരായിരുന്നു.
പാലാ സെന്റ് തോമസ് കോളജ് മൈതാനത്തെ കൂറ്റന്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞ് പതിനായിരക്കണക്കിന് യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും നടത്തി.