വടവാതൂർ ഡന്പിംഗ് യാര്‍ഡ് ക്ലീന്‍ ആകുന്നു
1489197
Sunday, December 22, 2024 7:07 AM IST
കോട്ടയം: വടവാതൂരിന്റെ ശാപമായിരുന്ന ഡന്പിംഗ് യാര്‍ഡ് ഇനി ക്ലീന്‍ ക്ലീന്‍ ആകുന്നു. 78 വര്‍ഷം പ്രദേശത്ത് തള്ളിയ മുഴുവന്‍ മാലിന്യങ്ങളും പൂര്‍ണമായും നീക്കുന്ന ബയോ മൈനിംഗിനു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വടവാതൂർ എത്തി, മൂക്കു പൊത്തിക്കോ! എന്ന പറഞ്ഞിരുന്ന സമയമുണ്ടായിരുന്നു.
ഇതിന് കാരണമായ മാലിന്യ നിക്ഷേപ കേന്ദ്രം വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് 2013 ഡിസംബര്‍ 31 ന് ഡംപിംഗ് യാര്‍ഡ് അടച്ചുപൂട്ടി. ഇനി ഈ ഭൂമിയില്‍ പുതിയ ഒരു പാരിസ്ഥിതിക അന്തരീക്ഷം ഉയര്‍ത്താനുള്ള പുതിയ ശ്രമത്തിനാണ് തുടക്കമായിരിക്കുന്നത്.
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയില്‍ വിജയപുരം പഞ്ചായത്ത് പരിധിയിലുള്ള വടവാതൂരിലെ 9.7 ഏക്കര്‍ വരുന്ന ഡന്പിംഗ് യാര്‍ഡ് പ്രദേശത്തെ, കേരള ഖര മാലിന്യ സംസ്കരണ പരിപാടി വഴിയാണ് ആറു മാസത്തിനുള്ളിൽ പരിപൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതി കോട്ടയം നഗരസഭ നടപ്പിലാക്കുന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സംസ്കരണ പദ്ധതിയുടെ ട്രയല്‍ റണ്‍ നിര്‍വഹിച്ചു. വടവാതൂര്‍ ഡന്പിംഗ് യാര്‍ഡില്‍ സൈറ്റില്‍ ആകെ 1,01,179,29 ക്യൂബിക്ക് മീറ്റര്‍ മാലിന്യം നിലവിലുണ്ട് എന്നാണ് കണക്കുന്നത്. ഇവ ശാസ്ത്രീയമായി നീക്കുന്നതിനാണ് ബയോ-മൈനിംഗ് ആന്‍ഡ് ബയോ-റെമിഡിയേഷന് പദ്ധതി നഗരസഭ ഏറ്റെടുത്തിരിക്കുന്നത്.
ഭൂനിരപ്പില്‍നിന്ന് 5.77 മീറ്റര്‍ ഉയരത്തിലും 2 90 മീറ്റര്‍ ആഴത്തിലുമായാണ് മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.വടവാതൂര്‍ ഉള്‍പ്പടെ കേരളത്തിലെ 20 ഡംപ് സൈറ്റുകള്‍ മാലിന്യമുക്തമാക്കുന്നതിന് നാഗ്പുര്‍ കേന്ദ്രമായുള്ള എസ്എംഎസ് ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡ് എന്ന കമ്പനിയാണ് ബയോ മൈനിംഗ് നടത്തുന്നതിന് 16 കോടി രൂപയോളം വരുന്ന കരാര്‍ എടുത്തിരിക്കുന്നത്.
മാലിന്യകൂമ്പാരം ബയോ-മൈനിംഗ് പ്രക്രിയയിലൂടെ തരംതിരിച്ച് റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്, ലോഹങ്ങള്‍, മുതലായ അജൈവ മാലിന്യങ്ങള്‍ അതിനായി വേര്‍തിരിക്കും. കൂടാതെ ജൈവ മാലിന്യങ്ങള്‍ ബയോ-റെമീഡിയഷന് പ്രകിയയിലൂടെ കമ്പോസ്റ്റ് ആക്കി മാറ്റുകയും ചെയ്യും.
റീസൈക്കിള്‍ ചെയ്യാന്‍ സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സിമന്റ് ഫാക്ടറികളില്‍ എത്തിച്ചു നിര്‍മാര്‍ജനം ചെയ്യും, അതും സാധ്യമല്ലാത്തവ സാനിറ്ററി ലാന്‍ഡ് ഫില്ലുകളില്‍ (സാനിറ്ററി ലാന്‍ഡ്ഫില്‍) എത്തിച്ചു നിര്‍മാര്‍ജനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ഇടവിട്ട് പെയ്യുന്ന മഴയാണ് ബയോ-മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രധാന തടസം. നഗരസഭ വളരെ പ്രാധാന്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി 2025 മേയ് മാസത്തോടെ പൂര്‍ത്തീകരിക്കും എന്നും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പിന്തുണ വിജയപുരം പഞ്ചായത് അധികൃതരില്‍നിന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.